സ്വാഗതം....



വിഷുക്കാല സ്മരണകള്‍


വാര്‍ഷിക പരീക്ഷകള്‍ കഴിഞ്ഞു ആദ്യമെത്തുന്ന ആഘോഷമായതിനാല്‍ വിഷു ആഘോഷിക്കാന്‍ ഇരട്ടി ഉത്സാഹമായിരുന്നു.പൂത്തിരിയും കമ്പിത്തിരിയും മത്താപ്പൂവും പടക്കവുമൊക്കെയായി വിഷു ആഘോഷിച്ചിരുന്ന കാലം മനസ്സിലെന്നും ആനന്ദം പകരുന്ന ഓര്‍മ്മകളാണ്. രാവിലെ കുളിച്ചു വരുമ്പോള്‍ അമ്മൂമ നല്‍കിയിരുന്ന  വിഷുകൈനീട്ടം ഒറ്റരൂപാ തുട്ടായിരുന്നു എങ്കിലും അതിന്‍റെ മൂല്യം അന്നുമിന്നും വിലമതിക്കാനാകാത്തതാണു.കണ്ണുകള്‍ പൊത്തിപ്പിടിച്ച് അമ്മ രാവിലെ കള്ളകൃഷ്ണനെ കണികാണാന്‍ കൊണ്ടുപോകുമായിരുന്നൂ.കാലം ഓടിമറഞ്ഞപ്പോള്‍ അമ്മൂമയും കാലയവനികക്കുള്ളില്‍ മറഞ്ഞു പോയി.അച്ചനുമമ്മയും പത്തുരൂപാ കൈനീട്ടം തരുമായിരുന്നു എങ്കിലും അത് സ്വീകരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അമ്മുമ തന്നിരുന്ന ആ ഒറ്റ രൂപാ തുട്ടായിരുന്നു. (ഇന്നെന്‍റെ മകള്‍ക്ക് അമ്മ ഒറ്റരൂപ കൊടുക്കുമ്പോള്‍ അവള്‍ കൊഞ്ചി ചിരിക്കുന്നത് കാണുമ്പോള്‍ അമ്മക്ക് അമ്മൂമയുടെ മുഖമാണോ എന്ന് തോന്നാറുണ്ട്).
     കൌമാരം കടന്നു വന്നപ്പോള്‍ ആഘോഷങ്ങളെല്ലാം അവള്‍ക്കു സമ്മാനം നാല്‍കാനുള്ള വേളകളായ്, കാലം അവളെ വേറെയോരാളുടേതാക്കിയതും ഒരു വിഷുകാലത്തായിരുന്നു.ഇന്നെന്‍ ജീവിത സഖിയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയതും ജീവിതം ഈ മണലാരണ്യത്തിലേക്ക് പറിച്ചു നട്ടതും മറ്റൊരു വിഷു വിനായിരുന്നു.ആഘോഷമെന്നാല്‍ മദ്യം നുരയുന്ന ഗ്ളാസും കാതടപ്പിക്കുന്ന സംഗീത ഘോഷവും എന്ന രീതിയിലേക്ക് മലയാളി മാറിയിട്ട് നാളേറെയായി എങ്കിലും പ്രവാസി എന്ന വര്‍ഗ്ഗമിന്നും മറ്റേതൊരു ആഘോഷമെന്ന പോലെ വിഷുവും നെഞ്ചിലേറ്റുന്നു.കാതങ്ങള്‍ക്കപ്പുറം കര്‍ണ്ണികാരപൂക്കളാല്‍ നിറഞ്ഞ ഒരു താഴവര എന്നുമവന്റെ കിനാവുകളെ മഞ്ഞ പട്ടണിയിക്കാറുണ്ട്. ചരലിട്ട റോട്ടിലൂടെ വാടകക്കെടുത്ത സൈക്കളില്‍ കൂട്ടുകാര്‍ക്കുമൊത്ത് പായുന്നതും രക്തം കിനിയുന്ന മുട്ടിലേക്ക് കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞോഴിച്ചിരുന്നതും കാലം തെറ്റി പൂക്കുന്ന കണികൊന്ന മരത്തിനടിയിലിരുന്ന് കൂട്ടുകാരുമൊത്ത് പൊളിപറഞ്ഞിരുന്നതും,അമ്മയെ കാണാതെ പറങ്കിയന്ടീ കട്ടെടുത്ത് പകരം പടക്കം മേടിച്ചിരുന്നതും എല്ലാം ഇന്നലെ നടന്ന പോലെ കണ്‍മുന്നില്‍ തത്തികളിക്കുന്നു.ഗള്‍ഫ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ മണല്‍ തടവറയില്‍ ഇനിയെത്രകാലം ആ ഗതകാല സ്മരണകളില്‍ ജീവിക്കും എന്നറിയില്ല..  നമ്മുടെ നാടിന്റെ മണമാണ് വിഷുവും ഓണവുമെന്നോക്കെ ഇന്ന് ഞാന്‍ അറിയുന്നു .കീ കൊടുത്ത പാവകണക്കെ ഈ മണലാരണ്യത്തിലിരുന്ന് ദിവസങ്ങള്‍ തള്ളി നീക്കവേ എന്‍മനം കൊതിക്കുന്നു വിഷു പക്ഷിയുടെ പാട്ടൊന്ന് കേള്‍ക്കാന്‍..ഒരുകുല കര്‍ണ്ണികാരപ്പൂക്കള്‍ കാണാന്‍..നടക്കില്ലയെന്നറിയാമെങ്കിലും അമ്മൂമയില്‍ നിന്നും ഒരിക്കല്‍ കൂടി കൈ നീട്ടം മേടിക്കാന്‍..
സ്നേഹിക്കാന്‍ അറിയാവുന്ന   എല്ലാവര്‍ക്കും ഐശ്വര്യ സമൃദ്ധമായ ഒരു വിഷു ആശംസിക്കുന്നു

1 അഭിപ്രായ(ങ്ങള്‍):

  1. No name.. said...:

    ചരലിട്ട റോട്ടിലൂടെ വാടകക്കെടുത്ത സൈക്കളില്‍ കൂട്ടുകാര്‍ക്കുമൊത്ത് പായുന്നതും..
    Nice touch.

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds