സ്വാഗതം....



അയാള്‍ ഒരു നന്മമരം

                                                     


മൂകത തളം കെട്ടിനിന്നിരുന്ന  ജനസഞ്ചയത്തിന് ഇടയിലൂടെ നടക്കുമ്പോള്‍ ദത്തേട്ടന്‍റെ കൈകള്‍ എന്‍റെ ചുമലില്‍ അമരുന്നുണ്ടായിരുന്നു ......വെള്ളപുതപ്പിച്ചു കിടക്കുന്ന അനു ചേച്ചിയുടെ ചുണ്ടുകളില്‍ ചുംബനം നല്‍കുമ്പോള്‍ അടര്‍ന്ന് വീണ കണ്ണീര്‍ പൂക്കള്‍ക്കു രക്തവര്‍ണ്ണമായിരുന്നുവെന്നു എന്ന്‍ എനിക്ക്തോന്നിയതാവണം..സംശയ ദൃഷ്ടിയോടുള്ള ഒരു കൂട്ടം  കണ്ണുകള്‍ക്കിടയില്‍നിന്ന്  ടാക്സിയുടെ പുറക് സീറ്റിലേക്ക്  ഇരിക്കുന്നതിന് മുന്നേ ആ മനുഷ്യന്‍ കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു തുടങ്ങിയിരുന്നു അതുവരെ അനുഭവിച്ചറിഞ്ഞതൊന്നും പ്രണയമല്ലായിരുന്നുവെന്ന്  ഞാനറിഞ്ഞത്  അവരില്‍ നിന്നായിരുന്നു  ...ഒരു പക്ഷേ ആ പ്രണയതീഷ്ണത തൊട്ടറിഞ്ഞ മൂന്നാമതൊരാള്‍ ഞാന്‍ മാത്രമായിരിക്കണം .....
         വഴികാഴ്ചകളെ പിന്നിലേക്ക് തള്ളിവിട്ടുകൊണ്ട് മുന്നേറുന്ന യാത്രയെന്നെയും ഗതകാല സ്മരണകളിലേക്ക് നയിച്ചു ... വിരസമായ ദിനങ്ങള്‍ക്ക് വിരാമമിടാന്‍ ചങ്ങാതി മാരെകാണാനുള്ള യാത്രകളിലൊന്നിനിടയില്‍ ആ മനുഷ്യനെ പരിചയപെടുമ്പോള്‍ യാത്രകള്‍ക്കിടയിലുള്ള സ്ഥിരം പരിചയപ്പെടലുകളി ലൊന്നായേ കരുതിയിരുന്നുള്ളൂ ...ഫോണ്‍വിളികളില്‍ നിന്നും ചാറ്റിംഗ്  റൂമിലേക്കും അവിടെ നിന്ന്‍  ഒരനുജന്‍റെ സ്ഥാനത്തും എത്തിച്ചേരാന്‍ ദിനങ്ങളേറെ വേണ്ടി വന്നില്ല ...വാരാന്ത്യ യാത്രകളുടെ  ലക്ഷ്യം ചങ്ങാതി മാരുടെ റൂമില്‍ നിന്ന്‍  മാറി ദത്തേട്ടന്‍റെ അടുത്തേക്കായദിനങ്ങള്‍ ...ദുബായിലെ  ക്ഷേത്രത്തോട് ചേര്‍ന്നുള്ള  കൃത്രിമ തടാക കരയിലെ കോണ്‍ക്രീറ്റ് ബെഞ്ചില്‍ എന്നെയും കാത്ത്  നീട്ടിവളര്‍ത്തിയ താടിയും അലസമായി  പാറികിടക്കുന്ന  മുടിയുമായി  ഇരിക്കുന്ന മനുഷ്യനെ ഒരേട്ടന് തുല്യം സ്നേഹിച്ചു തുടങ്ങിയത്  ആ മനസ്സിന്റെ നന്മ അടുത്തറിഞ്ഞത് മുതലാകണം ..പൊയ്മുഖങ്ങളെ കൊണ്ട്  നിറഞ്ഞ ഈ മണലാരണ്യത്തില്‍ ഞാന്‍ കണ്ടുമുട്ടിയ പച്ചയായ മനുഷ്യന്‍ ......ഒരു പെണ്ണിനെ പ്രണയിച്ചതിന്റെ പേരില്‍ ലോകം ഭ്രാന്തന്‍ എന്ന്  വിളിച്ചവന്‍ ...പരിഹാസശരം കൊണ്ട് ആ മനസ്സിനെ നോവിക്കാതിരുന്നവരില്‍ ഒരാളായത് കൊണ്ടാകണം അനുചേച്ചിക്കുമെന്നെ വലിയ ഇഷ്ടമായിരുന്നു...പുസ്തകങ്ങളിലൂടെ ലോകമറിയാമെന്ന് എനിക്ക് അറിവ് പകര്‍ന്നു തന്ന മനുഷ്യന്‍ ആണ് ഇപ്പോള്‍ എന്ടെ ചുമലില്‍ ചാഞ്ഞു കിടക്കുന്നത്.....വരണ്ട കവിള്‍ത്തടങ്ങളില്‍ ചാലുകീറി ആ കണ്ണുകള്‍ നിരഞ്ഞോഴുകികൊണ്ടേയിരുന്നു വൃഥാ ആ ചുമലില്‍  തഴുകാന്‍ അല്ലാതെ സമാശ്വസിപ്പിക്കാനുള്ള വാക്കുകള്‍ എന്നില്‍ നിന്നും അന്യം നിന്നു  പോയിരുന്നു...
        മാതാപിതാക്കളുടെ മരണത്തോടെ  ഒരു വീടിന്റെ ഭാരം ചുമലിലേറ്റി കടലുകടന്നു ഇങ്ങോട്ടെത്തിയ അനുചേച്ചിക്കും പറയാനുണ്ടായതു ഏറെ കേട്ടു പരിചിതമായ  വിസാതട്ടിപ്പ് കഥതന്നെയായിരുന്നു , അതിന്റെ കാഠിന്യം വാക്കുകള്‍കോണ്ട്  പറഞ്ഞറിയിക്കാന്‍ വയ്യെന്ന്‍ എപ്പോളും പറയുമായിരുന്നു ദത്തേട്ടന്‍.ഒരു അവധിക്കാലത്തു ഒരിടം വരെപോയിവരാം എന്ന് പറഞ്ഞു തുടങ്ങിയ യാത്രമധ്യേ ദത്തേട്ടന്‍ തന്നെയാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടിയ ദിനങ്ങളെ കുറിച്ചു പറഞ്ഞത്. ഒരു വിശുദ്ധ റമദാന്‍ മാസത്തില്‍ മുഷിഞ്ഞ വസ്ത്രമണീഞ്ഞു ഒരു കടയുടെ വരാന്തയില്‍ ഇരുന്നു കരയുന്ന അനുചേച്ചിയെ കണ്ടുമുട്ടിയത്  മുതല്‍ ദേരയിലെ മാംസകച്ചവടക്കാരുടെ കയ്യിലേക്ക് വലിച്ചറിഞ്ഞുകൊടുത്ത മലയാളിയെകുറിച്ചും,അവിടെനിന്ന് രക്ഷിച്ചു നാട്ടിലെ ഒരുസ്നേഹിതന്‍ മുഖേന ഒരു സുരക്ഷിത താവളത്തില്‍ എത്തിക്കുന്നത് വരേയുള്ള കാര്യങ്ങള്‍  പറയുമ്പോള്‍ ആ മുഖത്ത്  മാറിമറയുന്ന വേദനയും അമര്‍ഷവും എല്ലാം വായിച്ചെടുക്കാമായിരുന്നു.നഗര തിരക്കുകള്‍ പിന്നിട്ടു പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സ്ഥലത്തേക്കാണൂ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്  ക്ഷേത്രാന്തരീക്ഷ  പ്രതീതി ഉളവാക്കുന്ന ആ സ്ഥലം നമ്മില്‍ ഒരു പോസറ്റീവ് എനര്‍ജി നല്‍കുന്നതായിരുന്നു .നീണ്ടു കിടക്കുന്ന വരാന്തയിലൂടെ അയാളെ അനുഗമിച്ചു ഞാനും നടന്നു നിശബ്ദമായ ആ അന്തരീക്ഷത്തിന് പോറല്‍ ഏല്‍പ്പിക്കാതെയുള്ള ആ യാത്ര ചെന്നെത്തിയത് ചന്ദനത്തിരിയുടെ ഗന്ധം തങ്ങി നില്‍ക്കുന്ന ഒരു മുറിയിലേക്കാണൂ....വെളിച്ചം അധികം ഇല്ലാത്ത ആ മുറിയിലെ മൂലയില്‍ ചേര്‍ത്തിട്ടിരുന്ന കട്ടിലില്‍ ഒരുവശം  ചേര്‍ന്നിരുന്ന എല്ലിച്ചരൂപത്തിന്റെ കരങ്ങള്‍ ഗ്രഹിച്ചു അയാള്‍ ആ കട്ടിലില്‍ ഇരുന്നു,ഇരുണ്ട വെളിച്ചതിലും തീരെ എല്ലിച്ച ആ രൂപത്തിന്‍റെ കണ്ണുകളിലെ പ്രകാശം അവരുടെ ഗതകാല സൌന്ദര്യതിന്റെ പ്രതീകങ്ങള്‍ ആയിരുന്നു എന്നെനിക്ക് തോന്നി.അറിയുമോ നീ ഇവളെ എന്ന അയാളുടെ ചോദ്യം ആണൂ എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത് ഇല്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല ചരിച്ചു...എന്നെ അറിയില്ലേ എന്ന ആ സ്ത്രീയുടെ ചോദ്യം...പരിചിതമായ ആ ശബ്ദം ... അതേ അ...നു ചേ..ച്ചി എന്റെ അക്ഷരങ്ങള്‍ കൂടിച്ചേരുന്നുണ്ടായിരുന്നില്ല.ഒരായിരം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു ഒരുമിച്ച് ചോദിക്കാന്‍...പക്ഷേ ഒന്നിന്നും കഴിയാതെ നിര്‍നിമേഷനായി നില്‍ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ...നീ അനുവുമായി സംസാരിച്ചിരിക്ക് ഞാന്‍ ഇവിടത്തെ ഓഫീസ് വരെ പോയിവരാം എന്ന്‍ പറഞ്ഞു അയാള്‍ പുറത്തേക്കിറങ്ങി...അവര്‍ ഇരുന്നിരുന്ന കട്ടിലിന്റെ ഒരു വശം ചേര്‍ന്നിരുന്നുവെങ്കിലും  ചോദ്യങ്ങള്‍ വന്നു നിറഞ്ഞതിനാലാവണം നിശബ്ദനായി ഇരിക്കാനെ കഴിഞ്ഞുള്ളൂ ....അവരുടെ ചോദ്യങ്ങള്‍ക്ക്  യാന്ത്രികമായി മറുപടി പറഞിരുന്നപ്പോളും എന്റെ മനസ്സ് ഒരു പിടിചോദ്യങ്ങളില്‍ പെട്ടുഴലുക ആയിരുന്നു.... അത്  മനസ്സിലാക്കിയാവണം അവര്‍ എല്ലാം ഇങ്ങനെ ഒരു വാചകത്തില്‍ ഒതുക്കിയത് " കുറെ പേരുടെ മാംസ ദാഹത്തിന്റെ ബാക്കി പത്രമാണ് കുട്ടി ഈ അവസ്ഥ എന്ന്‍ " യാത്ര പറയാന്‍ നേരം അവരുടെ നെറ്റികളില്‍ ചുംബിക്കാനാഞ്ഞ എന്നെ  സ്നേഹത്തോടെ തടഞ്ഞത് അവളിലെ രോഗമെന്നിലേക്ക് പകരും എന്ന ഭയത്താല്‍ ആണ് എന്ന്‍  നിനക്കു മനസ്സിലായോ എന്ന അയാളുടെ ചോദ്യവും ഞാന്‍ തേടികൊണ്ടിരുന്ന കുറെ ഉത്തരങ്ങള്‍ക്കിടയിലലിഞ്ഞു പോയി .വടിവോത്ത കയ്യക്ഷരങളാല്‍ സ്ഥിരമായി അയാളെ തേടിവന്നിരുന്ന കത്തുകള്‍ ക്കിടയിലെ അന്വേഷണങ്ങള്‍ പതിയെ വളര്‍ത്തിയ ബന്ധം ഒരു അമ്മയുടെ കരുതലോ ചേച്ചിയുടെ സ്നേഹമോ എല്ലാം ഉണ്ടായിരിന്നു ആ വരികളില്‍. ജീവന്‍ തുടിക്കുന്ന ഒരു കഥവായിക്കുന്ന പോലെ ഞാനവയല്ലാം വായിച്ചെടുക്കുമായിരുന്നു , സൈബര്‍ താളുകളില്‍ പലപ്പോളും കുറിച്ചിടുന്ന വരികള്‍ അവരുടേതായിരുന്നു ...
     ദേരയുടെ തെരുവുകളില്‍ ഒരു കൂട്ടം വയറിന്‍റെ വിശപ്പിനായി  ശരീരത്തിന് വിലപറഞ്ഞു നില്‍ക്കുന്ന സ്ത്രീകളും സംഭോഗേച്ഛയോടെ അവരോടു വിലപേശുന്ന ഇരുകാലിജന്തുക്കള്‍ ക്കിടയിലൂടെ  കടന്ന് പോകവെ ഞാനറിയാതെ എന്‍ കണ്ണുകള്‍ തേടിയത് ആ മുഖമായിരുന്നോ ..... അല്ല ദത്തേട്ടന്‍റെ ആ മാലാഖയുടെ സ്ഥാനം അങ്ങ് നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു..........

HARI MATHILAKAM

മതം എന്ന വിഷം



മനുഷ്യനെ ജാതിയുടെയും മതത്തിന്‍റേയും വര്‍ണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കണ്ടിരുന്ന ആ ഇരുളടഞ്ഞ കാലഘട്ടത്തില്‍ നിന്നും നാം എത്ര മാത്രം മുന്നോട്ട് പോയിട്ടുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയം ആണൂ എന്ന് തോന്നുന്നു ....അധ;കൃത വര്‍ഗ്ഗക്കാര്‍ എന്നൊരു വിഭാഗം ഇല്ല എന്നും വൃത്തിയുള്ളവര്‍ വൃത്തിയില്ലാത്തവര്‍ ,വിദ്യാഭ്യാസം ഉള്ളവര്‍ ,ഇല്ലാത്തവര്‍ ,പണമുള്ളവര്‍ പണമില്ലാത്തവര്‍ എന്നീ വത്യാസങ്ങള്‍ ഉള്ളൂ എന്ന് നമ്മെ ഉത്ബോധിപ്പിച്ച യുഗപുരുഷന്റെ വാക്കുകള്‍ക്ക് നാം ഇന്നും എത്രമാത്രം വിലകല്‍പ്പിച്ചിട്ടുണ്ട് .സ്വന്തം മതത്തിന്റെ മഹത്വം വിളിച്ചു പറയാന്‍,അത് മറ്റൊരു മതത്തേക്കാള്‍ മഹത്തരം എന്നു ആരെയോക്കേയോ ബോധിപ്പിക്കാനായി ഒരുകൂട്ടര്‍... ....മതത്തിന്റെ പേരില്‍ എന്തു നിങ്ങള്‍ നേടി എന്ന് ചോദിച്ചാല്‍ ഒന്നും ഇല്ല എന്ന്‍ തന്നെയാകും ഉത്തരം ..മതം എന്ന ചട്ടകൂടുകൊണ്ട് നമ്മള്‍ നേടിയത് എന്താണ് ....മനുഷ്യനെ ജാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചു സംവരണം കൊടുത്തുകൊണ്ട് തങ്ങള്‍,കൂട്ടത്തില്‍ ചെറിയവര്‍ ആണെന്ന അപകര്‍ഷതാബോധം അവനില്‍ സൃഷ്ടിക്കാന്‍ ആയതോ,ഇതേ മതം കൊണ്ട് തന്നെയാണ് മനുഷ്യനെ തൊട്ടു കൂടാത്തവന്‍ എന്നും തീണ്ടി കൂടാത്തവന്‍ എന്നും വേര്‍തിരിച്ചത്,മതത്തിന്റെ അടിസ്ഥാനത്തില്‍ നിന്നും സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണത്തിലേക്ക് നമ്മുടെ ഭരണവര്‍ഗ്ഗം ഇനിയുമെത്താത്തതും ഒരു പക്ഷേ അധകൃതര്‍ എന്ന വര്‍ഗ്ഗം സമൂഹത്തില്‍ ജാതി തിരിച്ചു തന്നെ വേണമെന്ന ആരുടെയൊക്കെയോ നിര്‍ബന്ധബുദ്ധിയാകണം.സ്വന്തം ഇനത്തെ തിരിച്ചറിയാനുള്ള കഴിവ് മൃഗങ്ങള്‍ക്ക് പോലുമുണ്ട് മനുഷ്യനില്ല എന്ന്‍ ഗുരു പറഞീടത്ത് തന്നെ നാം ഇപ്പോളും നില്‍ക്കുന്നു എന്നതാണൂ വസ്തുത.ഇന്നും ശരാശരി മലയാളിയുടെ മനസ്സില്‍ വര്‍ഗ്ഗ,വര്‍ണ്ണ ചിന്തകള്‍ നിലനിലനില്‍ക്കുന്നു എന്ന്‍ പറയുമ്പോള്‍ അതില്‍ തെല്ലും അതിശയോക്തിക്ക് ഇടമില്ല.നമ്മുടെ ഓരോരുത്തരുടേയും ചൂറ്റുവട്ടം ഒന്ന് കണ്ണോടിച്ചാല്‍ നമുക്കറിയാം മായ്ചിട്ടും മായാത്ത അയിത്തത്തിന്റെ പാടുകള്‍ മനസ്സില്‍ അവശേഷിച്ച ഒരു ഒരുസമൂഹത്തില്‍ ആണു നാം ജീവിക്കുന്നത്.താഴ്ന്ന ജാതിക്കാരന്‍റെ വീട്ടില്‍ നിന്നും ദാഹജലം പോലും കുടിക്കാത്തവരില്‍ ഗുരുവിന്റെ നാമധേയത്തിലുള്ള സംഘടനാപ്രവര്‍ത്തകര്‍ ഉണ്ട് എന്ന്‍ നാം തിരിച്ചറിയുമ്പോള്‍ ഇതൊരു പഞ്ഞിമരമായിരുന്നുവോ എന്ന ഗുരുദേവന്റെ ശങ്ക അസ്ഥാനത്തായിരുന്നില്ല എന്നതിലേക്ക് നാം എത്തിച്ചേരുന്നു.ചിലര്‍ സമൂഹത്തില്‍ അവരുടെ അധീശത്വം ഉറപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ മതം എന്ന ചട്ടക്കൂട് നമ്മുടെ സമൂഹത്തെ എത്രമാത്രം കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉത്തരമാണൂ ലോകമെങ്ങും എന്ന പോലെ നമ്മുടെ നാട്ടിലും നടക്കുന്ന ബോംബുസ്ഫോടനങ്ങളും അതിനെ മതത്തിന്റെ പേരിലുള്ള ന്യായീകരണവും.മത ചട്ടകൂടുകള്‍ക്ക് അപ്പുറം ജീവിക്കുന്നവന് സ്വര്‍ഗ്ഗം നഷ്ടമാകുമെന്നും അങ്ങ് നരകത്തില്‍ അവനെ ദൈവം എണ്ണയിലിട്ട് വറുത്തെടുക്കും എന്നുമുള്ള മുഡത്വം വിശ്വസിക്കുന്ന സമൂഹം ആണൂ ഇന്നും നമ്മുടേത്.പേരറിയാത്ത ഏതോ എഴുത്തുകാരന്‍ അല്ലെങ്കില്‍ ചിന്തകന്‍ എഴുതി വച്ച പുസ്തകങ്ങളോ ചിന്തകളോ മാത്രമാണൂ മതഗ്രന്ഥങ്ങള്‍ എന്ന്‍ നാം മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.ചാതുര്‍വര്‍ണ്ണത്തെ എതിര്‍ക്കുന്നവരും തള്ളിപരയുന്നവരും മതത്തേയും മതനിയമങ്ങളേയും പുല്‍കി ജീവിക്കുന്നു എന്നത് എത്ര വിരോധാഭാസമാണൂ...ദൈവം പോസ്റ്റുമാന്റെ കയ്യില്‍ കൊടുത്തുവിട്ടവയാണൂ മത ഗ്രന്ഥങ്ങള്‍ എന്ന മൂഡത്വം വിട്ടകന്നു അവിടെ അറിവിന്റെ വെളിച്ചം നിറയട്ടെ .

സെല്ലുലോയ്ഡ് ഉയര്‍ത്തുന്ന ചിന്തകള്‍





ബോംബേയില്‍ നിന്നും ചലച്ചിത്ര നിരൂപണം പഠിച്ചിറങ്ങി സ്വന്തമായൂണ്ടായ 100 ഏക്കര്‍ വസ്തു സിനിമ എന്ന തന്‍റെ മോഹസാക്ഷാത്കാരത്തിനായ് കയ്യൊഴിഞ്ഞ മഹാനായ ആ കലാകാരനെന്നും അവഗണനകള്‍ തന്നെ ആയിരുന്നു കേരളം നല്‍കിയത്.സംസ്ഥാന സർക്കാർ അവശകലാകാരൻമാർക്കായി 300 രൂപ പെൻഷൻ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അപേക്ഷകരുടെ പട്ടികയിൽ ദാനിയേലുമുണ്ടായിരുന്നു. പക്ഷെ സൂക്ഷ്മപരിശോധനയിൽ മലയാളസിനിമയുടെ പിതാവിന്റെ അപേക്ഷ തള്ളപ്പെട്ടു.നിശ്ശബ്ദചിത്രമായതിനാൽ വിഗതകുമാരനെ മലയാളസിനിമയായി പരിഗണിക്കാനാവില്ലെന്നും ദാനിയേലിന്റെ സ്വദേശം അഗസ്തീശ്വരത്തായതിനാൽ അദ്ദേഹത്തിന്റെ മാതൃഭാഷ മലയാളംതന്നെയാണോ എന്നത് സംശയകരമാണെന്നും പരിശോധനാസമിതി വിലയിരുത്തി മലയാളം ആ പ്രതിഭക്ക് നല്‍കിയ ആദരം..മലയാറ്റൂര്‍ രാമകൃഷ്ണന്ടെയും  ,കെ കരുണാകരന്ടെയും ജാതി നിഷേധം തന്നെ യാണ് വിഗതകുമാരന് ആദ്യ മലയാളസിനിമ എന്നസ്ഥാനം നഷ്ടമായത് എന്ന്‍ സത്യമാണെന്ന് ചേലങ്ങാട്ട് ഗോപാലകൃഷ്ണനും,റോസി എന്ന ആദ്യനായികയെ കഥാപാത്രമാക്കി നഷ്ടനായിക എന്ന നോവല്‍ എഴുതിയ വിനുഏബ്രഹാമും പറയുന്നത് നാം മുഖവിലക്കേടുത്തേ മതിയായാകൂ.ചേങ്ങലാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ജെസി ഡാനിയലിന്റെ ജീവിത കഥയില്‍ മലയാറ്റൂരും,കെ കരുണാകരനും നടത്തിയ ജാതി നിന്ദ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്....കൌശലക്കാരനായ,കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയ നേതാവായ കരുണാകാരനെ മലയാളിക്ക് നല്ല വണ്ണം അറിയാവുന്നതാണൂ,അന്ധമായ മക്കള്‍ സ്നേഹമില്ലായിരുന്നു എങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഉന്നതങ്ങളില്‍ വിരാചിക്കേണ്ടിയിരുന്ന രാഷ്ട്രീയക്കാരന്‍ ആയിരുന്നു ലീഡര്‍ എന്ന രാഷ്ട്രീയ ചാണക്യന്‍.. ..///.ഒരു പക്ഷേ ഈഛരവാര്യര്‍ എന്ന ആ അച്ചന്റെ വേദനയുടെ ഒരംശം ദൈവം  കരുണാകരനായ് ബാക്കിവെച്ചതാകാം ലീഡറുടെ ജീവിതസായാഹ്നം. .പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരുബന്ധവുമില്ല ചില രാഷ്ട്രീയക്കാരെ മഹത്വവത്കരിച്ച് രാഷ്ട്രീയ ആചാര്യന്‍മാരായി,നവകേരള ശില്‍പികളായി  ചരിത്രം മാറ്റി  എഴുതാനുള്ള വ്യഗ്രത കരുകാണാരന്‍റെ കാര്യത്തിലും നമുക്ക് കാണാന്‍ ആകും.ഇത് കഴിഞ്ഞ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതിവത്യാസം ആണെന്ന്‍ ധരിചാല്‍ അത് തീര്‍ത്തൂം യാഥാര്‍ത്യത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം ആയി പോകും ....ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞു പോയ മഹാനായ നടന്‍ തിലകന്‍ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ഇത്തരം ജാതി വേര്‍തിരിവിനെയും അതിന്റെ വ്യക്താക്കളെയും ചില അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടും എന്തു കൊണ്ടോ മാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്ക്  സമൂഹം ഒന്നും അത് ഏറ്റെടുത്തുകണ്ടില്ല...മലയാള സിനിമയുടെ പിതാവിനെ അഭ്രപാളികളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ മതിലകത്തിന്റെ പ്രിയ പുത്രന് അഭിനന്ദനങ്ങള്‍  

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds