സ്വാഗതം....



മാലാഖ പോലൊരു പെണ്‍കുട്ടി





അന്നൊരു തിങ്കളാഴ്ചയായിരുന്നു ഒരു ചെറുകഥ എഴുതി ബ്ളോഗിലേക്ക് പോസ്റ്റു ചെയ്തു,അധികമാരും എത്തിനോക്കില്ലെന്നറിയയാമെങ്കിലും...ഒരു ചെടി നട്ടു പൂവണിയുന്ന സുഖം എനിക്കീ പ്രവൃത്തി നല്‍കാറുണ്ട്....ഈ കുത്തി കുറിക്കലുകള്‍ വയറിന്‍റെ  വിശപ്പ് മാറ്റില്ലെന്ന തിരിച്ചറിവ് തുറന്നു വെച്ചിരിക്കുന്ന ഭക്ഷണപാത്രത്തിലേക്ക് ശ്രദ്ധ തിരിക്കാനെന്നെ പ്രേരിപ്പിച്ചു...അപ്പോളേക്കും  അത്താഴം മുടക്കിയായി ഒരു ഫോണ്‍ ..ഈ മണലാരണ്യത്തില്‍ പൊന്നുകൊയ്യാമെന്ന മോഹവുമായി വന്നവന്‍ .. നിങ്ങള്‍ക്കവനെ എന്റെ അനുജനോ സുഹൃത്തോ ഒക്കെ ആയി കാണാം...എനിക്കിപ്പോളും  നിശ്ചയമില്ല ഇതില്‍ ഏതാണ്‍ അവന്‍ എനിക്കെന്ന്... തുടങ്ങിയതിങ്ങനെയാണ്
ഡാ നിനക്കൊരു കഥ എഴുതാമോ....
എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല കാരണം എന്‍റെ കുത്തി കുറിക്കലുകള്‍ നല്ലതെന്ന് പറയുന്നത് എന്നെ ഏറെ സ്നേഹിക്കുന്ന ചിലരാണ്  അത് മിക്കവാറും എന്നോടുള്ള സ്നേഹക്കൂടുതല്‍കൊണ്ട് പറയുന്നതാണെന്നും എനിക്കറിയാം..
സാമാന്യം ഭേദപെട്ട ഒരു പച്ച മലയാളമാണ് എന്‍റെ ചിരിക്കായി അവനില്‍ നിന്നും മറുപടി കേട്ടത് ....ഞാന്‍ ഒരു പ്രത്യേക മൂഡില്‍ ആണ് ഹരി കുറെ നാളായി എന്റെ മനസ്സിന്റെ നഷ്ട നൊമ്പരമാണ് അവള്‍  ഇനിയും കാണാത്ത ഇനിയോരിക്കലും കാണാന്‍ പറ്റാത്ത ലോകത്തേക്ക് പറന്നകന്ന കുഞ്ഞേട്ടാ എന്ന്‍ എന്നെ വിളിച്ചിരുന്ന എന്‍റെ കുഞ്ഞു പെങ്ങള്‍...പറഞ്ഞു തുടങ്ങുമ്പോഴേക്കും അവന്‍റെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു..ആ കണ്ണുകള്‍ ഈറനണിയുന്നത് എനിക്കു കാണാതെ കാണാമായിരുന്നു.
.ചെറിയ ഒരു നിശബ്ദതയ്ക്ക് ശേഷം അവന്‍ തുടര്‍ന്നു...നാട്ടില്‍ നിന്നും ജോലി തേടി ദുബായില്‍ എത്തിയ ദിവസങ്ങള്‍ ..ജോലിതേടിയുള്ള അലച്ചിലിനൊടുവില്‍ അന്ന് പ്രചാരത്തിലിരുന്ന ഓര്‍ക്കൂട്ടിലായിരുന്നു അധിക സമയവും ചിലവഴിച്ചിരുന്നത് അങ്ങിനെയാണ്‍ ഞാന്‍ അവളുടെ പ്രൊഫൈല്‍ കാണുന്നത്..പതിവു പോലെ പരസ്പരം പരിചയ പെടലുകള്‍..ചാറ്റിങ് ദിവസം ചെല്ലുംതോറും മിനിട്ടുകളില്‍ നിന്ന്‍ മണിക്കൂറുകളിലേക്ക് നീണ്ടു പോകുമായിരുന്നു..ഒരു അനിയത്തി കുട്ടിയുടെ സ്നേഹം തൊട്ടറിഞ്ഞ ദിവസങ്ങള്‍....വര്‍ണ്ണചിറകുമായി പറന്ന് നടക്കുന്ന ചിത്രശലഭത്തിന്റെ രൂപമായിരുന്നു എന്‍റെ കുഞ്ഞനിയത്തിക്ക് ഞാനറിയാതെ എന്‍റെ മനസ്സ് നല്‍കിയിരുന്നത്...നിറങ്ങളേയും,പൂമ്പാറ്റകളേയും..മുത്തശ്ശി കഥകളേയും ഒക്കെ വല്ലാതെ സ്നേഹിച്ചിരുന്ന ...ഒരു പനിനീര്‍ പൂവിന്റെ നൈര്‍മ്മല്ല്യമുള്ള കുട്ടി എനിക്കറിയില്ല എങ്ങിനെ അവളെ പറ്റി നിന്നോടു പറയണമെന്ന്..ജീവിത വഴിത്താരയില്‍ കുറെ മുഖങ്ങളെ അവള്‍ക്ക് ശേഷവും മൂന്നും പല വേഷങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട് പക്ഷേ.....എന്‍റെ കുഞ്ഞ് പൂമ്പാറ്റയെ പോലെ ഒരാളെ ഇനി കാണുമെന്ന്  എനിക്ക് തോന്നുന്നില്ല...ജോലി അന്വേഷിച്ചുള്ള അലച്ചില്‍ കഴിഞ്ഞു നിരാശനായി റൂമിലേക്കെത്തുമ്പോളെന്നും എന്നെതേടി ഫോണ്‍ എത്താറുണ്ട്.....ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയേക്കാള്‍ പക്വതയോടെ എന്നെ ആശ്വസിപ്പിക്കുകയും എന്നിലെ ആത്മവിശ്വാസത്തെ കെടാതെ കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കാറുമുണ്ട്..വിസാ കാലാവധി കഴിഞ്ഞു നാട്ടിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പതിവ് സമയത്ത് അന്ന്‍ എന്നെ തേടി ആ കോള്‍ വന്നില്ല ചാറ്റ് വിന്‍റോയും അനാഥം.....രാവേറെ കാത്തിരുന്നു പക്ഷേ വിളിയോ...മെസേജോ ഉണ്ടായില്ല....എന്തോ ഒരു വല്ലായ്മ.....അറബിയിലും ഇങ്ഗ്ളീഷിലുമുള്ള സ്വീച്ഡ് ഓഫ് സന്ദേശമാണ് വിളിക്കുമ്പോള്‍ കിട്ടുന്ന മറുപടി...രാത്രിയുടെ ഏതോ യാമത്തില്‍ നിദ്രയെന്നെ പുല്‍കിയത് ഞാനുമറിഞ്ഞിരുന്നില്ല...ഫോണ്‍ ശബ്ദം കേട്ടാണു ഞാന്‍ എണീറ്റത് അതവളുടേതായിരുന്നു....സങ്കടമോ പരിഭാവമോ സന്തോഷമോ എനിക്കറിയില്ല എന്തു വികാരമാണ് എന്നിലാമാത്രയില്‍ ഉണ്ടായതെന്ന് ഹലോ... അപരിചിതമായ ഒരു ആണ്‍ ശബ്ദം ഞാന്‍ കുഞ്ഞുമോളുടെ എട്ടനാണ് അവളുടെ സ്കൂള്‍ വണ്ടി ഇന്നലെ ഒരു അപകടത്തില്‍ പെട്ട് ഒരു കാലിന് ഒടിവ് പറ്റിയിട്ടുണ്ട്..പിന്നെ ചെറിയ മുറിവുകളും...പപ്പയേം മമ്മിയേം കഴിഞ്ഞു നിങ്ങളോട് സംസാരിക്കണമെന്നാണ് അവള്‍ പറഞ്ഞത്..മറുവശത്ത് സംസാരശേഷിയെ നഷ്ടപെട്ടോരു അവസ്ഥയായിരുന്നു എന്‍റേത്......തീരെ ക്ഷീണിച്ച കുഞ്ഞേട്ടാ എന്ന വിളി ഞാന്‍ കേട്ടു ..വാവേ .... എന്താ പറ്റിയത് എന്‍റെ കുട്ടിക്ക് എന്ന് പറയുമ്പോളേക്കും എന്‍റെ വാക്കുകള്‍ മുറിഞ്ഞു പോയിരുന്നു..ഒരു ചിരിയാണ് എനിക്ക് അപ്പുറത്ത് നിന്നും മറുപടിയായി കിട്ടിയതു അയ്യേ ഇത്രേയുള്ളൂ എന്‍റേട്ടന്‍..എന്തിനാ കരയണേ എനിക്കൊന്നുമില്ല  ഏട്ടാ....ഏട്ടന്‍റെ കൂട്ടിക്കൊന്നുമില്ലാട്ടോ..ഏത് ഹോസ്പിറ്റലിലാ കിടക്കുന്നേ ഞാന്‍ ഇതാ ഇപ്പോള്‍ തന്നെ വരാം അപ്പോളേക്കും ഞാന്‍ കോണിപ്പടികള്‍ ഇറങ്ങി റോട്ടില്‍ എത്തിയിരുന്നു...വേണ്ട കുഞ്ഞേട്ടാ ഏട്ടന്‍ വരണ്ട എട്ടനെ കണ്ടാല്‍ എനിക്ക് സങ്കടാവില്ലേ..അതോണ്ടല്ലേ വരണ്ടാട്ടോ..കുഞ്ഞേട്ടന്‍ നല്ല കുട്ടിയായിട്ട് നാട്ടില്‍ പോയിട്ട് വാ അപ്പോളേക്കും എനിക്ക് സുഖാവും.എനിക്ക് മറുപടിയൊന്നുമുണ്ടായില്ല,റൂമിലേക്ക് തിരിച്ചു കയറുമ്പോള്‍ പടവുകള്‍ക്ക് ഏറെ നീളമുള്ളതായി തോന്നി എന്റെ ചിന്തകള്‍ പോലെ അവക്കുമന്ത്യമില്ലാത്തത് പോലെ ......യാന്ത്രികമായ ഒരു ദിനമായിരുന്നു അന്ന് സുഹൃത്തും ബന്ധുവുമായ ഏട്ടന്‍ വസ്ത്രങ്ങള്‍ അടുക്കിവെച്ച ബാഗും ടിക്കറ്റും പാസ്പോര്‍ട്ടും എന്നിലേക്ക് നീട്ടിയപ്പോള്‍ അറിയാതെ ഞാന്‍ വിതുമ്പി പോയോ .....ബര്‍ദുബായില്‍ നിന്നും ടാക്സിക്ക് പുറകിലിരുന്ന്  എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങവേ എന്നെ കടന്ന് പോകുന്ന അംബരചുംബികളായ കോണ്‍ക്രീറ്റ് സമുച്ചയങ്ങളും കടന്ന്‍ എന്റെ ചിന്തകള്‍ കാട് കയറിയിരുന്നു....ഇനി ഈ മഹാനഗരത്തിലേക്ക് വരുമോ എന്നറിയില്ല...എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ എന്‍റെ കുഞ്ഞനിയതിയെ എനിക്ക് തന്ന മണല്‍ നഗരിയെ അടിയിലാക്കി ആകാശപറവ ഉയര്‍ന്ന് പൊങ്ങി... താഴെ തീപ്പെട്ടി കൂടുകള്‍ പോലെ അടുക്കിവെച്ചിരിക്കുന്ന കെട്ടിടങ്ങളിലൊന്നില്‍ അവള്‍ ഉണ്ടാകും....വേദന കൊണ്ട് പുളയുമ്പോളും സ്നേഹത്തോടെ എന്നെ യാത്രയാക്കിയ എന്‍റെ പൂമ്പാറ്റ...സഹയാത്രികന്‍ കാണാതെ അടര്‍ന്ന് വീഴാന്‍ വെമ്പിയ കണ്ണീര്‍ തുടച്ചു മുകളിലെ ഡ്രോയില്‍ നിന്നും ബാഗേടുത്ത് ചെക്കിന്‍ ലക്ഷ്യമാക്കി നടന്നു മൂന്ന് മാസങ്ങള്‍ക്ക് ശേഷം എന്‍റെ നാട്ടില്‍....ഒന്നും ചെയ്യാനില്ലാത്ത ദിവസങ്ങള്‍...വീണ്ടും പഴയ മൊബൈല്‍ കമ്പനിയിലെ ജോലി ...പതിവിലും നേരത്തെ അന്ന് കിടക്കയിലേക്ക് ചായാന്‍ തുടങ്ങവേ ചാറ്റ് വിന്‍റോയില്‍ കുഞ്ഞുമോളുടെ മേസ്സേജ് ഞാന്‍ പോവാണു ഏട്ടാ.....തിരിച്ചു മറുപടി ടൈപ്പ് ചെയ്യുന്നതിന് മുന്നേ ചാറ്റ് വിന്‍റോ നിര്‍ജ്ജീവമായിമാറിയിരുന്നു..വൈകാതെ എന്നെ തേടി ആ കോള്‍ എത്തി അപ്പുറത്ത് തേങ്ങലോടെ അവളുടെ  ഏട്ടന്‍ കുഞ്ഞുമോള്‍ ‍... പോയി ... ....ചാരിനിന്നിരുന്ന ചുമരില്‍ ഇഴുകി ഇരുന്നുപോയി ഞാന്‍..  കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി എനിക്ക് ......അമ്മയുമൊത്ത് അവസാനമായി അവളെ ഒരുനോക്കൂ  കാണാന്‍ എറണാകുളത്തേക്ക് ......പരിചയപ്പെട്ടത് മുതലുള്ള അവളുടെ കുസൃതിയും ചിരിയും തമാശയും ചെറിയ പിണക്കങ്ങളുമെല്ലാം എന്‍റെ ചിന്തകളിലൂടെ കണ്ണീര്‍ത്തുള്ളികളായ് പെയ്തിറങ്ങി .....ഏട്ടന്‍ എന്‍റെ കല്ല്യാണത്തിന് എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ അമ്മയോടും അച്ചനോടും പറയും ഇത് ഞാന്‍ നിങ്ങള്‍ക്ക് തരുന്ന എന്‍റെ വിവാഹ സമ്മാനമാണ്  .... ഞാന്‍ വേറൊരാളുടേതാകുമ്പോള്‍ അമ്മയേം അച്ചനേയും എന്നെക്കാള്‍ സ്നേഹിക്കാന്‍ ഒരാള്‍ എന്‍റെ ഏട്ടന്‍ ആ വീട്ടിലേക്ക് കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ എനിക്കവളുടെ വാക്കുകള്‍ അശരീരിയായ് മുഴങ്ങുന്നത് പോലെതോന്നി....ചന്ദനത്തിരിയുടെ മരണഗന്ധം അവിടമാകെ തളംകെട്ടി നിന്നിരുന്നു.....വെള്ളയില്‍ പുതപ്പിച്ചു കിടക്കുന്ന എന്‍റെ വാവ എന്നെകണ്ടപ്പോള്‍ ഏട്ടാ എന്ന്‍ വിളിച്ചുവോ......ആ കുസൃതി ചിരിയുണ്ടോ ചുണ്ടുകളില്‍.....ആരൊക്കെയോ എന്റെ കയ്യില്‍ മുറുകെ പിടിക്കുന്നുണ്ടായിരുന്നു .....ഏട്ടന്‍ വന്നിരിക്കുന്നു കുട്ടീ കണ്ണുതുറക്കൂ എന്ന കുഞ്ഞോളുടെ അമ്മയുടെ വാക്കുകള്‍ എന്‍റേത് കൂടിയായിരുന്നു അവസാനമായി ആ നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് വച്ചു ഞാന്‍ തിരിച്ചിറങ്ങി ആരോടും യാത്രപറയാതെ......ഒന്ന് പൊട്ടികരയാന്‍ പോലുമാകാതെ .............കാര്‍മേഘങ്ങള്‍ നിറഞ്ഞ മാനം നക്ഷത്രങ്ങളേയും ചന്ദ്രനേയും മറച്ചു പിടിച്ചിട്ടും ഒരു നക്ഷത്രമെന്നെ നോക്കി  ചിരിക്കുന്നത് ഞാന്‍ അന്നാദ്യമായ് കണ്ടു  ഇവിടെ ഈ മണലാരണ്യത്തിലും ഞാനവളെ കാണാറൂണ്ട് രാത്രിയുടെ ഏകാന്തതയില്‍ മെല്ലെയേന്‍റെ കാതില്‍ ഏട്ടാ എന്ന് വിളിക്കാറുണ്ട് .....
ഫോണ്‍ കട്ടുചെയ്യുമ്പോള്‍ എനിക്കവന്‍റെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു....ഒന്നും പറയാനോ ആശ്വസിപ്പിക്കാനോ വാക്കുകള്‍ ഇല്ലാതെ ഇരിക്കാനേ എനിക്കും കഴിഞ്ഞുള്ളൂ.....

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds