സ്വാഗതം....



പുതുവത്സരാശംസകള്‍


എല്ലാ പരിചയ പെടലുകളും വേര്‍പിരിയാനുള്ളാതാണ്   പെയ്തൊഴിയുന്ന വര്‍ഷമേ  നീയുമെനിക്ക് പ്രിയപ്പെട്ടവളാണ്. മഴ പോലെ ചിലപ്പോളൊക്കെ ചിരിച്ചും ..ചിലപ്പോള്‍ കരഞ്ഞും ..മറ്റുചിലപ്പോള്‍ സാന്ത്വന പ്പെടുത്തിയും എന്നില്‍ പെയ്തിറങ്ങിയ വര്‍ഷമേ    വേര്‍പിരിയല്‍ കാലത്തിന്റെ അനിവാര്യതയാണല്ലോ..ജീവിത വഴിത്താരയില്‍ ചെമ്പകപൂവിന്റെ മണമുള്ള എന്‍റെ പ്രിയതമ വിട്ടകന്നു പോയതും.. കളികൂട്ടുകാര്‍ കാണാമറയത്തേക്ക് അകന്നു പോയതും.. എന്നിലെ ബാല്യവും കൌമാരവും  നിഷ്കളങ്കതയും  എന്നില്‍നിന്ന് അടര്‍ത്തിയിടുത്തതും.. ഇതേ വേര്‍ പിരിയലിന്റെ ഭാഗമായിരുന്നുവോ .. ജീവന്റെ മണമുള്ള എന്‍റെ പള്ളികൂടത്തിന് ഞാനിന്ന് അപരിചിതനായ്തും  ഇതേ വേര്‍പിരിയല്‍ തന്നെ .... ഹൃദയത്തില്‍നിന്നും  ഇറ്റുവീണ രക്തതുള്ളികള്‍ കണ്ണീരായ് എന്‍ കവിള്‍ തടങ്ങളില്‍ ചാലുകളായ് ഒഴുകിയിട്ടും ആ വേര്‍പിരിയല്‍ തുടരുന്നു കവി പാടിയ പോലെ കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും തിരുവോണം വരും..പിന്നെയോരോ തളിറിനും പൂവരും കായ് വരും അപ്പോള്‍ ആരെന്നുമെന്‍തെന്നുമാര്‍ക്കറിയാം ...നമുക്കിപ്പോഴീ വര്‍ഷത്തെ ശാന്തമായ് സൌമ്യമായ് വരവേല്‍ക്കാം...ഒരു നാള്‍ നമുക്കും പിരിയേണ്ടി വരുമെന്നാറിയാം കൂട്ടുകാരെ എങ്കിലും ............
എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍ 

ലേബലുകള്‍:

ഒട്ടകങ്ങള്‍ ....

വിജനമായ     റോഡിലൂടെ യുള്ള ദീര്‍ഘദൂരയാത്ര വന്‍മണല്‍ മലകളും കടന്ന്‍  ചെന്നെത്തിയത്  കമ്പനിയുടെ പുതിയതായി തുടങ്ങുന്ന പ്രോജക്ടിന്റെ ലേബര്‍ ക്യാമ്പിലേക്കാണ് .പച്ചകള്‍ എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന പാക്കിസ്ഥാനി  കളില്‍ ഒരാള്‍  എന്റെ   ലേഗേജുമായി കാരവാനിലേക്ക്  പിന്‍തുടര്‍ന്ന്  ഞാനും .സാധനങ്ങളെല്ലാം അടുക്കി വെക്കുന്നതിനിടയില്‍ ഒരു ചുവന്ന ചട്ടയുള്ള ഒരു പുസ്തകം എന്ടെ ശ്രദ്ധയില്‍ പെട്ടു .മുന്‍പ്  താമസിച്ചിരുന്ന ആരുടെയോ ഒരു ഡയറി ആയിരുന്നു അത്  ഭംഗിയുള്ള കയ്യക്ഷരത്തില്‍ എഴുതിയ ആ ഡയറി വായിക്കാതിരിക്കാന്‍ എനിക്ക് സാധിച്ചില്ല ..അതിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു 
ലോ ആ കേള്‍ക്കുന്നില്ല  ഉറക്കെ പറയൂ ...

നാട്ടിലേക്ക്  പോകാനുള്ള തയ്യാറെടുപ്പിലാണ്  ജോസ്  നാട്ടിലേക്ക് മേടിച്ചു കൊണ്ട്  പോകാനുള്ള ലിസ്റ്റ് തയ്യാറാക്കുകയാണൂ കക്ഷി അതിനിടയില്‍ വീട്ടിലേക്കുള്ള വിളിയാണ്  ..ഏതോ ഒരു സിനിമയിലെ മുകേഷിന്‍റെ കമ്പിളി പൊതപ്പ് ( പുതപ്പ്) എന്നഡയലോഗ്  ആണ്  എനിക്ക്  ഓര്‍മ്മ വന്നത് ..

ഫോണ്‍ ഡിസ് കണക്റ്റ്  ചെയ്ത ശേഷം എന്തുട്ടാ ഇഷ്ടാ ഈ  പറയുന്നേ ആന്‍റിയുടെ ലിസ്റ്റ്  നീണ്ടപ്പോള്‍ ഞാനാ പഴയ നമ്പര്‍ ഇട്ടു..കേള്‍ക്കുന്നില്ല ....അല്ലാതെന്താ ചെയ്യുന്നേ ....നീ ചിരിക്കണ്ട നിന്റെ ചിരിയുടെ അര്‍ത്ഥം എനിക്ക് മനസ്സിലായി ഗഡ്യേ ..വിളീചില്ലേല്‍ അതൊരു കുറ്റം ആകും അതുകൊണ്ട്  വിളിച്ചതാ ...അവന്‍ പറഞ്ഞു നിര്‍ത്തിയതും..അവന്റെ മൊബൈലില്‍  മെസേജ് ടോണ്‍ .....മെസേജ് വായിച്ചു കൊണ്ട്  ജോസ് തലയില്‍ കയ്  വെച്ചൂ ...കര്‍ത്താവ്വേ  ആന്‍റിക്കും ബുദ്ധിവെച്ചു ..മൊത്തം ലിസ്റ്റ്  ദാ  മെസേജ്  വീട്ടിരിക്കുന്നു ...ആ  കുഴപ്പമില്ല ..എയര്‍ പോര്‍ട്ടില്‍ വെച്ച്  പെട്ടി മാറി പോയി എന്ന് പറയാം ...ഭാഗ്യം ഇപ്രാവീശ്യം വീട്ടിലേക്ക്  ലിസ്റ്റോന്നുമില്ല  അപ്പച്ചന്  ബെക്കാടി മാത്രം മേടിച്ചാല്‍ മതി അത്  പിന്നെ നമ്മള്‍ക്കും സന്തോഷമുള്ള കാര്യമല്ലേ..പുള്ളിയെ കാണാതെ ഇടക്കോരോന്നു വീശാലോ...ജീവിതത്തിലാദ്യമായി കഴിഞ്ഞ തവണ പുള്ളിക്കാരനുമൊത്ത്  ഒരു പെഗ്ഗടിച്ചു ഞാനാകെ ഫിറ്റ്  അവസാനം അപ്പച്ചനോട്  പറഞ്ഞത്രേ ആളിയാ അളിയന്‍ പോയികിടക്കളിയാന്നു ..ജോസിന്റെ ചിരി അപ്പോളേക്കും അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു.

എന്തോഭാഗ്യമുണ്ട്  അമ്മച്ചിക്കിപ്രാവശ്യം സാധനങ്ങള്‍ ഒന്നും വേണ്ട..അതൊരു ഭാഗ്യമായി അല്ലെങ്കില്‍ അതിന് ഞാന്‍ അരി അങ്ങാടീന്നു ചുമട്ടുകാരെ വിളീക്കേണ്ടി വന്നേനെ..പറയാന്‍ പറ്റില്ല അവിടെ ചെല്ലുമ്പോ എന്തെങ്കിലും വെട്ടുണ്ടാകും....നീയെന്‍താ ഗഡ്യേ എന്നെയിങ്ങനെ പന്തം കണ്ട പെരുച്ചാഴികണക്കെ നോക്കിയിരിക്കുന്നേ വട്ടായോ ? ഉത്തരം ഒരു ചിരിയിലൊതുക്കി ഞാന്‍ ലൈറ്റ് ഓഫ് ചെയ്തു പതുക്കെ ബെഡിലേക്ക് ചാഞ്ഞു...

ഡാ നീയുറക്കയോ.. ജോസിന്റെ ശബ്ദം.. ഇല്ല നീ പറയൂ.. അതല്ലട ഇവനേ ഡാ നമ്മള്‍ എത്ര നാളായി ഈ മണലാരണ്യത്തില്‍ കിടക്കുന്നു അല്ലേ ?നിന്റെ ബാങ്ക് ബാലന്‍സ് എത്രയാടാ..എന്റെ മറുപടി കാത്ത് നില്‍ക്കുന്നതിന് മുന്പ് തന്നെ അവന്‍ സംസാരം തുടര്‍ന്നു എന്‍റേത് വട്ടപൂജ്യമാണ് ..ശമ്പളം കിട്ടിയാ രണ്ട് ദിവസം രാജാക്കന്‍മാരാ അത്  കഴിഞ്ഞാല്‍ പിന്നെ അപ്പച്ചന്‍ പറയുന്ന പോലെ ഓട്ടകാലണയാ..അല്ല നമ്മളീ മരുഭൂമിയില്‍ കിടക്കുന്നവര്‍ക്ക്  എന്തിനാ അല്ലേ പൈസ...എന്നാലും ഇടക്ക്   തോന്നാ വീട്ടുകാര്‍ക്ക്  നമ്മളോടോ നമ്മുടെ പൈസയോടോ സ്നേഹമെന്ന് ..എന്ടെ തോന്നലാകും അല്ലേടാ ...അല്ലാടാ നീയൊന്ന് ആലോചിച്ച്  നോക്കിയേ ..നമ്മള്‍ വീടും പണിതു പെങ്ങമാരെ കെട്ടിച്ചും വിട്ടു നാട്ടില്‍ പോകുമ്പോള്‍ നമുക്ക് വയസെത്രയാകുംടാ...എന്ടെ മോള്‍ക്ക്  പോലുമിപ്പോള്‍ എന്നോടു അടുപ്പം കുറഞ്ഞോന്  ഒരു തോന്നല്‍..അത് പറയുമ്പോള്‍ ജോസിന്റെ ശബ്ദം ഇടറിയിരുന്നു...


    ഡാ നീ വിഷമിക്കേണ്ട എല്ലാം ശരിയാകും എന്നവനോട് ആശ്വാസവാക്കു പറയുമ്പോള്‍ എന്‍റെ വാക്കുകള്‍ ഇടറിയിരുന്നുവോ  എന്നെനിക്ക്  തോന്നി ...

തെല്ലൊരു  ഇടവേളക്ക് ശേഷം അവന്‍ തുടര്‍ന്നു ഈ ഉടായിപ്പ് സ്ഥലത്ത്  വന്നതാ കഷ്ടം ആയി പോയത് ..നീ കണ്ടില്ലേ നാട്ടില്‍ കുറച്ചു ഉടായിപ്പുമായി നടന്നാല്‍ മതി കാശുണ്ടാക്കാം. ഗവണ്‍മെന്‍റ് ജോലിയും ഇപ്പൊ തട്ടിപ്പായി ..സത്യസന്ധതക്കൊന്നും ഇപ്പൊ ഒരു വിലയുമില്ലേടാ ..നമ്മളിനി എന്ന് പോകാന്‍ ..നമ്മൂടെ അവസ്ഥയെങ്ങാനും നാട്ടിലുള്ളവരോട് പറഞ്ഞാല്‍ പറയും ചുമ്മാ ജാഡയാണേന്ന് ...നമ്മുടെ ചങ്കിലെ തീ ആര് കാണാന്‍ ..വെബ് ക്യാമില്‍  വീട്ടുകാരെയും ,മകളേയും കാണുമ്പോള്‍ നെഞ്ച് പിടയുന്നത്  ഒരു പ്രവാസിക്കേ പറഞ്ഞാല്‍ മനസ്സിലാകൂടാ ..ഇന്നലെ വിളിച്ചപ്പോള്‍ പെണ്ണും പിള്ള പറയാ നിങ്ങള്‍ക്ക് പ്ഴയ പോലെ സ്നേഹമില്ല ഇപ്പൊ എന്ന്‍ ..ആദ്യമൊക്കെ വല്ലാത്ത സങ്കടമായിരുന്നു കേള്‍ക്കുമ്പോ ഇപ്പൊ അതൊക്കെ ശീലമായി.. ഒന്ന്‍  സങ്കടം വന്നാല്‍ പൊട്ടികരയാന്‍ പോലും പറ്റോടാ നമുക്ക് ..ഇന്നലെ വീട്ടില്‍ വിളിച്ചപ്പോള്‍ പെങ്ങള്‍ പറയാ ഓണം കഴിഞ്ഞു  മാസം കുറേ ആയിട്ടും ഇപ്പോളൂം ഗള്‍ഫുകാര്‍ ഓണം ആഘോഷിക്കല്ലേ ..നിന്നെ കാണുന്നുണ്ടോണ് ഞങ്ങള്‍ നോക്കറൂണ്ടെന്ന് ...അതോക്കെ നമ്മളേ പോലെ ഈ മണല്‍ കാട്ടില്‍  കിടക്കുന്നവര്‍ക്കല്ല എന്നും പണവും,പത്രാസും ഉള്ള നഗരവാസികള്‍ക്ക്  മാത്രമുള്ളതാണെന്ന്   പറഞ്ഞാല്‍ ആര്  വിശ്വസിക്കുന്നു ..അപ്പോ ചോദിക്കും അതും അബു ദാബിയില്‍ അല്ലേന്ന് .ചിലപ്പോ തോന്നും എല്ലാവര്‍ക്കും നമ്മള്‍ ഒരു പരിഹാസ കഥാപാത്രമാണ് അല്ലെടാ..നാട്ടില്‍ എത്തിയാല്‍ അപ്പോവരും കുറെ ആള്‍ക്കാര്  പിരിവെന്നും പറഞ്ഞു  ആയിരങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല .അവന്റെ സംസാരവും കേട്ടു കിടന്ന്‍  രാത്രിയുടെ ഏതോ യാമത്തില്‍ ഉറങ്ങി പോയി ..
.
ദിവസങ്ങള്‍  കടന്നുപോയി പല ദിവസങ്ങളിലേയും പോലെ അന്നും  ജോസിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ..വല്ലാത്ത സന്തോഷത്തിലാണ്  പുള്ളിക്കാരന്‍ ഇന്നാണ്  ജോസ്  ലീവിന്  പോകുന്ന ദിവസം.രാവിലെ തന്നെ വീട്ടിലേക്ക് വിളിച്ചു എന്തെങ്കിലും മേടിക്കാന്‍ വിട്ടിട്ടുണ്ടോ എന്നു തീര്‍ച്ചയാക്കുകയാണ്  ജോസ് ..ഇതാണ്  പ്രവാസി  ഞാന്‍ മനസ്സില്‍ വിചാരിച്ചു ..തന്റെ നാടിനെ വീടിനെ ഇത്രക്കും സ്നേഹിക്കുന്ന ഒരു കൂട്ടര്‍ വേറെയുണ്ടാകില്ല ..കാതങ്ങള്‍ക്കപ്പുറമിരിക്കുമ്പോള്‍ നാട്ടിലെ ഓരോന്നും അവന് പ്രിയ പ്പെട്ടതാണ് ...എയര്‍പോര്‍ട്ടിന്  പുറത്ത്  അവനെ കെട്ടി പിടിച്ചു കൊണ്ട്  യാത്ര പറയുമ്പോള്‍ ..അവന്‍     വിതുമ്പുന്നുണ്ടാ യിരുന്നു .
  ...എന്തിനാടാ പൊട്ടാ കരയുന്നേ സന്തോഷിക്കല്ലേ  വേണ്ടത് .....ആര്  കരയുന്നു ഗഡ്യേ  ഇത് സന്തോഷാശ്രുവാടാ .. കണ്ണ് തുടച്ചു കൊണ്ട്  സ്വതസിദ്ധമായ ശൈലിയില്‍ ജോസ് ..

            നഗരത്തിന്റെ തിരക്കില്‍ നിന്നും അബുദാബിയിലെ മണല്‍കാടുകള്‍കിടയിലൂടെ അനന്തമായി കിടക്കുന്ന റോഡിലൂടെ ഞങ്ങളൂടെ പിക്ക് അപ്  വാന്‍  നീങ്ങി ...ഈന്തപ്പ നയും..മണല്‍ കുന്നുകളും കടന്ന്‍ എന്റെ മനസ്സ്  എന്റെ നാട്ടിലേക്കെപ്പോളോ യാത്രയായി  ...എന്നെ ഈ മണല്‍ കാട്ടിലേക്ക് പറിച്ചു നട്ട ദിവസങ്ങള്‍ ....സുഹൃത്തുക്കള്‍ ....വീട്ടുകാര്‍ ..സങ്കടം മുഴുവന്‍ ഉള്ളിലൊതുക്കി എന്റെ പ്രിയതമ..ഇനിയും പല്ലുവരാത്ത മോണയും കാട്ടി ചിരിക്കുന്ന എന്റെ  കുഞ്ഞ് വാവ ...കണ്ണിലുരുണ്ട് കൂടുന്നത് രക്ത ത്തുള്ളികളാണോ എന്നെനിക്ക്  തോന്നിയ നിമിഷങ്ങള്‍  ..അംബര  ചുംബികളായ കൂറ്റന്‍ കെട്ടിടങ്ങളും മനോഹരമായ ദൃശ്യങ്ങളും പ്രതീക്ഷിച്ചുവന്ന ഞാന്‍ എത്തിപ്പെട്ടത്  മണ്‍മലകളാല്‍ ചുറ്റപ്പെട്ട ഒരു ക്യാമ്പില്‍ ... ഇന്നേനീക്കിതല്ലാം പരിചിതമാണ് ..ചിന്തകള്‍ കാടുകയറി തുടങ്ങിയപ്പോളേക്കും വണ്ടി ക്യാമ്പിലേക്കുള്ള  ഗച്ച് റോഡിലേക്ക് പ്രവേശിച്ചിരുന്നു ..

           യാന്ത്രികമായ ദിവസങ്ങള്‍ വളരെ  പെട്ടന്നു കടന്നുപോയി അവധി കഴിഞ്ഞു ജോസും എത്തി  നാട്ടിലെ വിശേഷങ്ങളുമായി അവന്‍ പതിവ് ശൈലിയില്‍ സംസാരം തുടങ്ങി ..ഒഴിച്ച് വെച്ച ഗ്ളാസുകളില്‍ ഒന്ന്‍  എടുത്തു കൊണ്ട് ഞാനും അവന്റെ കേള്‍വിക്കാരില്‍ ഒരാളായി മാറി ...ഗ്ളാസുകളും ബോട്ടിലും കാലിയായപ്പോള്‍ റൂമിലും ആളൊഴിഞ്ഞു  ..ജോസ്  ഇനിയും സംസാരം നിര്‍ത്തിയിരുന്നില്ല . നാട്ട് വിശേഷങ്ങലൊക്കേ കടന്ന്‍ വീട്ടു വിശേഷങ്ങളിലേക്കായി അവന്‍ ..ഡാ
ഒക്കെ കള്ളത്തരങ്ങളാണെഡാ ...എല്ലാവര്‍ക്കും കാശുമതി ...എവിടേയും സ്നേഹമില്ലെടാ എല്ലായിടത്തും കള്ളത്തരങ്ങള്‍ മാത്രമേയുള്ളൂ ..അതിനേക്കാള്‍ നല്ലത് ഈ മണലാരണ്യമാടാ .ഇവിടെ നിന്നെ പോലെ എന്തും തുറന്ന്‍ പറയാന്‍ പറ്റുന്ന സുഹൃത്തുക്കള്‍ എങ്കിലും ഉണ്ടല്ലോ നാട്ടിലത്തേത്  കള്ളൂ മേടിച്ചു കൊടുത്തു സൃഷ്ടീക്കുന്ന  സൌഹൃദമാണ്  ഇന്ന്‍  ആത്മാര്‍ഥത എന്ന വാക്കിന് ഒരു വിലയുമില്ല ..എല്ലാവരും പൈസയുടെയും ..ആര്‍ഭാടത്തിന്റെയും പിന്നാലെയാണ് ..ഇവിടെയാണ്  ഗഡ്യേ നല്ലത്  ഇവിടെയാകുമ്പോള്‍ ....നമ്മൂടെ നാടിനെ സ്വപ്നം കണ്ടും നാടിന്റെ ഇല്ലാത്ത മനോഹാരിതയും,വിശേഷങ്ങളും പറഞ്ഞു..സ്വപ്നം കണ്ടു .. ജീവിക്കാം ..

  ഡയറി മടക്കി കബോറ്ഡിലേക്ക്  വെക്കുമ്പോള്‍ കണ്ണാടിയില്‍ കണ്ട എന്റെ പ്രതിബിംബം  ഡയറിയിലെ ഒരു കഥാപാത്രതിന്‍റേതല്ലേ എന്ന ചിന്ത എന്നില്‍ നിറഞ്ഞു നിന്നിരുന്നു ..

     (പാഥേയം മാഗസിനില്‍  പ്രസിദ്ധീകരിച്ച കഥ )                                                                                                                        

ലേബലുകള്‍:

എന്‍റോസള്‍ഫാന്‍ ---- ചില സത്യങ്ങള്‍

പൂക്കള്‍ തോറും പാറി നടക്കുന്ന ബഹുവര്‍ണ്ണ ചിത്ര ശലഭങ്ങള്‍ക്ക് സമാനമാണ്  നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളും,അവരുടെ കൊഞ്ചലുകളും കളിയും ചിരിയും നമ്മൂടെ മനസ്സിലെ ഏത് വിഷമത്തെയും അകറ്റാന്‍ നമ്മെ സഹായിക്കുന്നതാണ്‍ ... എങ്കില്‍ ഒരു നാടുമുഴുവന്‍ ആ കിളികൊഞ്ചലുകളോ ചിരിയോ ഒന്നുമില്ല എന്നോരാവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പറ്റുമോ?
എത്രയോ ഭയാനകമാണ് ഈ അവസ്ഥ അല്ലേ ?നമ്മുടെ കൊച്ചു കേരളത്തിലെ കാസര്‍ഗോഡ്  ജീല്ലയിലെ പതിനൊന്നോളം പഞ്ചായത്തിലെ ജനങ്ങളുടെ അവസ്ഥ ഇതാണ് . കളിയും ചിരിയും നിന്നുപോയ ബാല്യങ്ങള്‍ ,അവര്‍ക്കുമുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന മാതാ പിതാക്കള്‍ ..ജനിക്കുന്ന കുട്ടികള്‍ക്ക്  ബുദ്ധിപരവും ശാരീരികവുമായ വൈകല്യങ്ങള്‍,മാരകമായ ക്യാന്‍സര്‍ ബാധകള്‍ ഒരു നാടിനെ മുഴുവന്‍ ദുരിതത്തിലാഴ്ത്തി  പത്ര ദൃശ്യമാധ്യമങ്ങള്‍ വഴി നിറഞ്ഞുനിന്ന നമ്മുടെ സഹോദരങ്ങളൂടെ ആ മുഖങ്ങള്‍ ഏതൊരു മനുഷ്യന്റെയും കരളലിയിപ്പിക്കുന്നതാണ്‍.


        കാസര്‍ഗോഡ്  ജില്ലയില്‍  ചില ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ എണ്‍പതുകളുടെ  തുടക്കത്തിലാണ് എണ്‍ഡോസള്‍ഫാന്റെ  ഭവിഷ്യത്തിലേക്ക്  പത്രമാധ്യമങ്ങള്‍ ഈ നാട്ടിലെ ജനതയുടെ ശ്രദ്ധക്ഷണിച്ചത്.  എന്നിട്ടും   ഇരുപത്തി മൂന്ന് വര്‍ഷക്കാലം കേരളസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്ളാന്‍റേഷന്‍  കോര്‍പ്പറേഷന്‍ ഓഫ് കേരള  ഒരു ജില്ലയിലെ മുഴുവന്‍ ജനതയെയും മാറാരോഗങ്ങളീലേക്ക് തള്ളിവിടാന്‍ കെല്‍പ്പുള്ള ആ വിഷം പച്ചപട്ട് വിരിച്ചിരിക്കുന്ന കാസര്‍ഗോഡ് ജില്ലയുടെ ആകാശത്തു നിന്നും മഴകണക്കെ സ്പ്രേ  ചെയ്തു..5 മില്ലീലിറ്റര്‍ നമ്മുടെ ശരീരത്തിന്റെ  ഉള്ളില്‍ ചെന്നാല്‍ ഒരുമനുഷ്യ ജീവെനെടുക്കാന്‍ കെല്‍പ്പുള്ള ആ കൊടും വിഷം കാസര്‍ഗോട്ടെ ജലാശയങ്ങള്‍ മുഖേനയും അന്തരീക്ഷം വഴിയും ജനങ്ങളുടെ ശരീരത്തില്‍ എത്തുകയും മാരകമായ പലരോഗങ്ങള്‍ക്കും ഈ നാട്ടിലെ പാവം ജനത അടിമ പ്പെടുകയും ചെയ്തു തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ജനിതക വൈകല്യങ്ങള്‍ പടരുക വഴി ഒരു സമൂഹത്തിനെ,വീടിന്റെ ഭാവിയെ തല്ലികെടുത്തുകയാണ്  ചെയ്യുന്നത്.ഇത് വരെ കാസര്‍ഗോട്ടിലെ കൃഷിക്കാരോ,ജനങ്ങളോ ആരും കാണാത്ത തേയില കൊതുകിനെ നിവാരണം ചെയ്യാന്‍ ആണീ ചെയ്ത്ത് എന്നാണ് സംസ്ഥാന പ്ളാന്‍റേഷന്‍ കോര്‍പ്പറേഷനിലെ മനുഷ്യതീനികളൂടേ ഭാഷ്യം.ജില്ലയില്‍ എണ്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച് തുടങ്ങിയ ആദ്യകാലങ്ങളില്‍ തന്നെ ആ പ്രദേശങ്ങളിലെ സസ്യ പക്ഷി മൃഗാതികളൂടെ  നാശം തുടങ്ങിയതായി  ഈ നാട്ടിലെ കര്‍ഷകര്‍  ബന്ധപ്പെട്ട അധികാരികളൂടെ ശ്രദ്ധയില്‍ പ്പെടുത്തിയെങ്കിലും ആ പാവങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു.1997ഇല്‍ ഡോക്ടര്‍ മോഹന്‍ കുമാര്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശ്രദ്ധയില്‍ പ്പെടുത്തി  എങ്കിലും ഫലം മുന്നത്തേത് തന്നെയായിരുന്നു .2001ഇല്‍ സി.എസ്.ഇ  നടത്തിയ പഠനത്തില്‍ കാസര്‍ഗോട്ടെ മണ്ണിലും ജലത്തിലും അളവില്‍ കൂടുതല്‍ വീഷാംശം ഉണ്ടെന്ന്‍ തെളിയുകയും ഇത് ഒരു വിവാദത്തിന്‍ തിരികൊളുത്തുകയും  അത് കൂടുതല്‍ പഠനങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.ദരിദ്രരും സമൂഹത്തില്‍ പിന്നോക്കം നീക്കുന്നവരുമായ പാവപ്പെട്ട കര്‍ഷകരെയും നാട്ടുകാരെയും പി.സി.കെ  ഉദ്യോഗസ്ഥര്‍ ഭീഷണി പ്പെടുത്തിയ മൂലം ജനങ്ങള്‍ തങ്ങളൂടെ ദുരിതങ്ങള്‍ പുറത്ത് പറയാന്‍ മടിച്ചിരുന്നു.ദൈവത്തിന്റെ സ്വന്തം നാടായ കേരളം അക്ഷരാര്‍ത്ഥത്തില്‍  തരിച്ചു പോയ വാര്‍ത്തകളാണ് പിന്നീട് മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞത് .ഖദരിട്ട രാഷ്ട്രീയ നഭുംസകങ്ങളൂടേ പിന്തുണയുള്ള പി.സി.കെയിലെ ഉദ്യോഗസ്ഥരുടെ ഭീഷണിയിലും
പ്രലോഭനങ്ങളിലും തളരാതെ മുന്നോട്ട് പോയ ലീലാകുമാരിയമ്മയെപോലുള്ള  മനുഷ്യ സ്നേഹികള്‍ കേരളത്തെ മുഴുവന്‍ എണ്‍ഡോസള്‍ഫാന്‍ വിഷയത്തിലേക്ക് ശ്രദ്ധതിരിപ്പിച്ചു.പക്ഷേ അധികാര വര്‍ഗ്ഗം എന്നും എണ്‍ഡോസള്‍ഫാന്‍ ലോബിക്കൊപ്പമായിരുന്നു.മരിച്ചുവീഴുന്ന അല്ലെങ്കില്‍ മരിച്ചു കൊണ്ട് ജീവിക്കുന്ന ആ പാവങ്ങളൂടെ ജീവനു അവര്‍ വിലകല്‍പ്പിച്ചതേയില്ല.


 യൂറോപ്യന്‍ യൂണിയന്‍ , നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ , പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ  എഴുപത്തിമൂന്നിലധികം രാജ്യങ്ങളില്‍ എണ്‍ഡോസള്‍ഫാന്‍ ഇതിനകം നിരോധിച്ചു കഴിഞ്ഞു.എന്‍റോസള്‍ഫാന്‍റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്.2010 ഇല്‍  ജനീവയില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ ഇന്ത്യയും എണ്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളും ഈ വിഷം നിരോധിക്കേണ്ടത്തില്ല എന്നനിലപാടാണ് സ്വീകരിച്ചത് .ബ്രസീല്‍ ,ജപ്പാന്‍ , അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ എന്‍റോസള്‍ഫാന്‍ നിരോധനവും അത് പ്രായോഗികമാക്കിയ രീതിയും വളരെ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു .ഇതിനിടയില്‍ ആസ്ട്രേലിയയും ഈ മാരക വിഷത്തെ നിരോധിച്ചു.അവര്‍ ആസ്ട്രേലിയയില്‍  എണ്‍ഡോസള്‍ഫാന്‍റെ നിരോധനത്തിനായി നടന്ന സമരങ്ങളും ജനങ്ങളെ അതിന്റെ ഭവിഷത്തുകള്‍ മനസ്സിലാക്കി കൊടുക്കുന്നതിനായി കാസര്‍ഗോട്ടെ മൂളിയാറിലും,എന്‍ മകജെയിലും എത്തി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളെ പറ്റിയും വിശദമായി അവതരിപ്പിച്ചിട്ടും , എന്‍റോസള്‍ഫാന്‍ കീടനാശിനി നിരോധിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവിശ്യമാണെന്നും ,മനുഷ്യനില്‍ എണ്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇത് വരെ കണ്ടെത്താനായിട്ടില്ല,എന്നുമായിരുന്നു ഇന്ത്യാ ഗവണ്‍മെന്‍റിന്റെ നിലപാട് .ജനീവയില്‍ നടന്ന ചര്‍ച്ചകളില്‍ എല്ലാം തന്നെ എണ്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും ഒരു ഗ്ളാസ് പാലുകഴിച്ചാല്‍ ആളുകള്‍ മരിക്കാന്‍ സാധ്യതയുള്ളത് പോലെ മാത്രമുള്ള സാധ്യതയേ എണ്‍ഡോസള്‍ഫാന്‍ കൊണ്ടുള്ളൂ എന്നുള്ള എന്‍റോസള്‍ഫാന്‍ പ്രതിനിധിയുടെ ജല്‍പനങ്ങള്‍ക്ക് ഇന്ത്യന്‍ പ്രതിനിധികള്‍ പിന്തുണച്ചു വെന്നും ഇന്ത്യയിലെ കൃഷിക്കാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്നും അത് കോണ്ട് തന്നെ കൃഷി മുന്നോട്ട് പോകണമെങ്കില്‍ എന്‍റോസള്‍ഫാന്‍ കൂടിയേ തീരൂ എന്നും ഇന്ത്യയുടേ കാര്‍ഷിക വകുപ്പിലെ പ്രതിനിധി വന്ദനാജെയ്നിന്‍റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ആ സഭയയില്‍ ഞെട്ടല്‍ ഉളവാക്കീ എന്നും മാതൃ ഭൂമി ആഴ്ചപതിപ്പിലെ ഒരു ലേഖനത്തില്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സി .ജയകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.നിക്ഷ്പക്ഷമായി നടത്തിയ ഒട്ടനവധി പഠനങ്ങളില്‍ എന്‍ടോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ ദൂഷ്യങ്ങള്‍ ലോകത്തിന് മുഴുവന്‍ മനസ്സിലായിട്ടും,കീടനാശിനി ലോബിയുടെ ദല്ലാളായി വന്ന്‍ ഒരിക്കല്‍ എന്‍റോസള്‍ഫാണ് അനുകൂലമായ വിധി എഴുതിയ അതേ മഹാനേ ചെയര്‍മാനാക്കി കൊണ്ട്  പുതിയ ഒരു സംഘം കൂടി പഠനം നടത്താന്‍ വരുന്നു അത്രേ.ഒരു പാടുതവണ മാധ്യമങ്ങളൂടേയും,പഠന സംഘങ്ങളൂടേയും മുന്നില്‍ പ്രദര്‍ശന വസ്തു കണക്കെ നില്‍ക്കേണ്ടി വന്ന ആ പാവം ജനങ്ങളെ ഇനീയും പരിഹസിക്കാനാണോ ഒരു പഠനം കൂടി.അതോ നക്ഷത്ര ഹോട്ടലുകളീല്‍ താമസിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഒരു ഉല്ലാസയാത്ര നടത്താനോ.ഒടുവില്‍ ഖദറിന്റെ മറവിലെ ഒരു എന്‍റോസള്‍ഫാന്‍  ദല്ലാളെ കൂടി നമ്മള്‍ കണ്ടു.ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട  മഹാനായ കേന്ദ്രമന്ത്രി കെ.വി തോമസ്.. ബഹുമാന പ്പെട്ട മന്ത്രി ഒരു പക്ഷേ മന്ത്രിമാളികകളില്‍ ഇരിക്കുമ്പോള്‍ ഈ പാവങ്ങളെ മനസ്സിലാക്കാന്‍ സമയമില്ലായിരിക്കാം അങ്ങേക്ക്..പക്ഷേ മനുഷ്യനില്‍ ഇത് മാരക രോഗങ്ങള്‍ വരുത്തുന്നതിന് തെളിവില്ല എന്ന പ്രസ്താവനകൊണ്ട് അങ്ങ് എന്താണ്‍ ഉദ്ദേശിച്ചത്.താങ്കളൂടെ  സംശയം ദൂരീകരിക്കാന്‍   അങ്ങയെ നിയന്ത്രിക്കുന്ന എന്‍റോസള്‍ഫാന്‍ കമ്പനിക്കാര്‍ പറയുന്ന പോലെ പാലിന്റെ അത്ര മാത്രം വിഷാംശമുള്ള ഈ കീടനാശിനി നമുക്ക് ജനസേവകനായ അങ്ങില്‍ തന്നെ പ്രയോഗിച്ച് നോക്കിയാലോ.
   ഇന്ന്‍ കാസര്‍ഗോട്ടെ പച്ചവിരിച്ച് നില്‍ക്കുന്ന കൃഷിയിടങ്ങള്‍ക്ക് മുകളില്‍ കിളികളും ചിത്ര ശലഭങ്ങളും എത്തി തുടങ്ങി.. ഈ മാരക രോഗങ്ങളില്‍ നിന്ന്‍ മുക്തി നേടിയ ഒരു പുതിയ തലമുറക്കായ്  നമുക്ക് പ്രാര്‍ത്ഥിക്കാം സ്വപ്നം കാണാം  


[പാഥേയം മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനം ]



                                                                                                          

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds