സ്വാഗതം....



വീണ്ടുമൊരു പ്രണയദിനം കൂടി


വീണ്ടുമൊരു പ്രണയദിനം കൂടി ആഗതമായി.വിദേശ സംസ്കാരത്തിന്റെ കടന്നുകയറ്റം നമ്മുടെ ജീവിത രീതിയെയും സമൂഹത്തെതന്നെ വളരെയധികം സ്വാധീനിച്ചപ്പോള്‍ നമ്മുടെ ഇടയിലേക്ക് കടന്ന് വന്ന ഒരു ദിനം.പ്രണയിക്കുന്നവര്‍ക്കായി ഒരു ദിവസം വാലന്‍‌റ്റൈന്‍സ് ഡേ.

കവികളും കഥാകാരന്മാരും ഒരു പാട് വര്‍ണ്ണിച്ചെങ്കിലും ഇനിയും വ്യക്തമായി നിര്വേചിക്കാനാകാത്ത ഒരു വികാരം. പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാള്‍ക്ക് തോന്നുന്ന വര്‍ദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിര്‍വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അര്‍‍ത്ഥങ്ങള്‍ കല്‍പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണസമായി കൊടുക്കുന്ന, അര്‍പ്പിയക്കുന്ന, ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്. ഇങ്ങനെ നീണ്ടു പോകുന്നു പ്രണയത്തിന്റെ നിര്‍വചനം.

എന്താണ് പ്രണയമെന്നു ചിന്തിക്കുന്നതിന് മുന്നേ നമ്മുടെ സമൂഹത്തില്‍ ഇന്നും ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവരുണ്ടോ എന്ന് അന്വേഷിക്കേണ്ടി യിരിക്കുന്നു ആത്മാര്‍ത്ഥമായ പ്രണയം അന്യമായികൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പ്രണയവും കച്ചവടച്ചരക്കായി മാറിയിരിക്കുന്നു.കാമുകന്റെ വിരഹവേദനയും പ്രണയിനിയുടെ കാത്തിരിപ്പും ഇന്നു ആല്‍ബങ്ങളിലെ വരികളിലും അഭ്രപാളികളിലുമായി മാത്രമൊതുങ്ങിയിരിക്കുന്നു.എങ്കിലും ഒരിക്കലെങ്കിലും മൌനമായെങ്കിലും പ്രണയക്കാത്തവര്‍ ഉണ്ടാവില്ല എന്ന് തന്നെ നമുക്ക് പറയാം. പുസ്തകതാളുകല്‍ക്കിടയില്‍ ഹൃദയനൊമ്പരങ്ങള്‍ എഴുതി കൊടുത്തിരുന്ന കാലം ഒരുപ്രണയലേഖനം കൈമാറാന്‍ കാമുകിയുടെ പിന്നാലെ പോയിരുന്ന കാലം അവളെകാണാനായി മാത്രം തൊട്ടടുത്ത കാവിലേക്ക്‌ പോയിരുന്ന കാലം നമ്മുടെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും.

“ഒരിക്കലെന്‍ മനസ്സില്‍ തോന്നിയ
മോഹങ്ങളവളോടോതോതതെ
എന്‍ അകതാരിലൊളിപ്പിച്ചു ഞാന്‍.

അവളോടു പറയാതെ എന്‍ മനസ്സിന്റെ
മണിചെപ്പില്‍ മൂടിവെചതല്ലാം
അവളോടുള്ള പ്രണയമായിരുന്നു.

പലനാളില്‍ വഴിയരികിലവളെ
പാര്‍ത്തപ്പോള്‍ വാക്കുകളുരിയാടാനാവതെ
കുഴങ്ങി ഞാന്‍.

അവളുടെ കാതുകളെന്‍
പ്രണയകാവ്യം കേള്‍ക്കുവാന്‍
കൊതിക്കുന്നുവെന്നുഞാനറിഞ്ഞു .

ഒരുനാളില്‍ അവള്‍ക്കേകുവാന്‍
രാവുമുഴുവനിരുന്നെഴുതിയ
പ്രണയഗാനവുമായി കാത്തുനിന്നു ഞാന്‍.

നിമിഷങ്ങള്‍ നാഴികകളായ്‌ നീങ്ങവേ
അങ്ങകലെ അവളുടെ പാദസര
കിലുക്കം കേട്ടു ഞാന്‍.

പ്രണയകാവ്യമെന്‍ കയ്യിലെ
വിയര്‍പ്പു കണങ്ങളാല്‍
നനയുന്നതു ഞാനറിഞ്ഞു.

അവളാടുത്തെത്തിയപ്പോള്‍
മിന്നല്‍ വേഗത്തില്‍ ഞാനെന്‍
കവിതയവള്‍ക്കു കൈമാറി.

ഒരു നിമിഷം സ്തബധയായ്‌
നോക്കിയിട്ടവളെന്‍ കവിതയെ
പുസ്തകതാളില്‍ ഒളിപ്പിച്ചു.

ഒരക്ഷരം ഉരിയാടാതെയകന്നു
നീങ്ങിയവള്‍ ആശിച്ച കളിപ്പാട്ടം
കിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ”

ഇതുപോലുള്ള കാവ്യാംശമുള്ള പ്രണയ കവിതകള്‍ ഇന്ന് ഓര്‍ക്കൂട്ട് കമ്മ്യൂണിറ്റിയിലെ പ്രണയകവിതാ-കഥാ മത്സരങ്ങളിലോ മാത്രമായി ഒരുങ്ങി പോയിരികുന്നു

കാലത്തിന്റെ കുതിച്ചുചാട്ടത്തിനൊപ്പം പ്രണയിക്കുന്ന രൂപവും മാറി.രാവു മുഴുവന്‍ മൊബൈല്‍ പ്രണയമാണ് ഇന്ന് നടക്കുന്നത്.ഒരിക്കലും കാണാതെ ഇന്റര്‍നെറ്റിലൂടെ പ്രണയിക്കുന്നവര്‍.വിറയാര്‍ന്ന കൈകളില്‍ മടക്കി പിടിച്ചു പാഠപുസ്തകത്തിനിടയില്‍ പ്രണയലേഖനം കൈമാറിയിരുന്ന കാലം ഇമെയിലൂയിലൂടെയും ഫോണ്‍കോളിലൂടെയും പ്രണയം വെളി പ്പെടുത്തുന്നതിലേക്ക് നമ്മള്‍ പുരോഗമിക്കുകയോ അധപതിക്കുകയോ ചെയ്തു .

കാമുകന്റെ അല്ലെങ്കില്‍ കാമുകിയുടെ മന്ദഹാസം അവളുടെ പാദസരകിലുക്കം തുളസികതിര്‍ തിരുകിയ കാര്‍കൂന്തല്‍ സങ്കല്‍പ്പമെല്ലാം മലയാളി യുവതീയുവാക്കള്‍ പാടേ മാറ്റി . കാമുകിയുടെ ചുംബനം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സുഹൃത്തിനു കാണിച്ച് കൊടുത്തു അതില്‍ ആനന്ദം കണ്ടെത്തുന്ന രീതിയിലേക്ക് നമ്മുടെ യുവജനത അധപതിച്ചു .

ഇന്ന് പ്രണയം പലപ്പോളും ഒരു താല്ക്കാതലിക കരാര്‍ മാത്രമാകുന്നു.എന്തിന് നമ്മള്‍ യുവത്വത്തെ മാത്രം കുറ്റപ്പെടുത്തുന്നു, അന്യന്റെക ഭാര്യയെ പ്രണയിക്കുന്നതും അത് കൊലപാതകത്തിലോ അല്ലെങ്കില്‍ പെണ്വാഅണിഭത്തിലോ എത്തി ചേരുന്നതും മലയാളിക്ക് പുതുമായല്ലാതായിരിക്കുന്നു. പ്രണയമൊരു കരാറാകുന്നത് പ്രവാസി മലയാളികളിലാണ്‍ അധികവും കാണുന്നത് .

ഒരു ടെലഫോണ്‍ കാര്‍ഡ് റീചാര്‍ജ് ചെയ്തു കൊടുത്ത് കാമുകിയെ സ്വന്തമാകുന്ന പ്രവാസി മലയാളികളില്‍ വിവാഹിതരാണോ അവിവാഹിതരാണോ എന്ന വ്യതാസമൊന്നുമില്ല . പ്രണയം നടിച്ച് മതം മാറ്റിയാല്‍ തന്റെ മതം വളരുമെന്ന് വിചാരിക്കുന്നവനും അങ്ങിനെ നടന്നാല്‍ തന്റെ മതം ഇല്ലാതായി പോകുമെന്ന് വിചാരിക്കുന്ന കൂപമണ്ഡൂകങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ കഴിയുമാറകട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.പ്രണയിക്കാനുള്ള കഴിവ് അന്യം നിന്ന് പോകുന്ന ഈ കാലഘട്ടത്തില്‍ പ്രണയദിനത്തിന്റെ ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം.

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍‌റ്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ് . വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍‌റ്റൈന്‍, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍‌റ്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍‌റ്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെണ്കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്‍‌റ്റൈന്‍റ്റെ തല വെട്ടാന്‍ ആജ്ഞ നല്കി . തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍‌റ്റൈന്‍ ആ പെണ്‍കുട്ടിക്ക് “ഫ്രം യുവര്‍ വാലന്‍‌റ്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍‌റ്റൈന്‍റ്റെ ഓര്‍മ്മക്കായി ഫെബ്രുവരി 14 ന് വാലന്‍‌റ്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.

മതാതന്ധതായാലും സ്വാര്‍ത്ഥതയാലും അന്ധതബാധിച്ച ഈ സമൂഹത്തിനു ഈ ദിനം പരസ്പരം സ്നേഹിക്കാന്‍ ഒരു കാരണമാകട്ടെ എന്നു നമുക്ക്‌ പ്രത്യാശിക്കാം(പാഥേയം ഇമാഗസിനില്‍ പ്രസിദ്ധീകരിച്ച എന്‍റെ ലേഖനം)

കല്യാണം മുടക്കികളേ ഓടിക്കോളൂ



പ്രണയദിനം ഇങ്ങടൂത്ത് വരെ മതിലകത്തിനടുത്തുള്ള ചക്കര പാടത്ത് ഉയര്‍ന്നു വന്ന ഒരു ഫ്ളക്സ്.

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds