സ്വാഗതം....



സായം സന്ധ്യയിലെ പ്രണയം





                         

എല്ലാവര്‍ഷത്തേയും പോലെ ചാറ്റല്‍ മഴയുമായാണ്  നാട് ഇത്തവണയുമെന്നെ സ്വീകരിച്ചത് ക്ളിയറന്‍സ്  കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോഴേക്കും മഴ കനത്തിരുന്നു..ഉറ്റവരെ ആദ്യം കാണാന്‍ കണ്ണുംനട്ട് നില്‍ക്കുന്ന പുഞ്ചിരിക്കുന്ന കുറെ മുഖങ്ങളും കടന്ന് ഞാന്‍ കാറിന്റെ പുറകുസീറ്റിലേക്ക് ചാഞ്ഞു .....നഗരബഹളങ്ങള്‍  കടന്ന് പച്ചപ്പട്ടണിഞ്ഞ വയലോരത്തുകൂടിയുള്ള റോട്ടിലൂടെയുള്ള യാത്ര... എന്ടെ നാടിന്റെ മാത്രം സൌഭാഗ്യമാണെന്ന് ഏവരോടും പറയാറുള്ള അതേ റോഡ് .. റോഡരികുചേര്‍ന്ന്  മഴയില്‍ നനഞ്ഞു വരുന്ന  രൂപത്തെ വളരെ അടുത്ത്  എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത് ...ബലഹീനമായ  കരങ്ങള്‍ ഗ്രഹിച്ചപ്പോള്‍ തണുത്ത്  വിറക്കുന്നുണ്ടായിരുന്നു ..പ്രായാധിക്യം കൊണ്ട്  വരണ്ടുപോയ ആ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍  ധാരയായ്  പെയ്തിറങ്ങുന്നു ...നെഞ്ചോട്  ചേര്‍ത്ത്  പിടിച്ചു കൈകൊണ്ട് ആ പുറങ്ങള്‍ തഴുകിയപ്പോള്‍ കരച്ചില്‍  തേങ്ങലായ്  പുറത്തേക്ക്  വന്നു എന്നെ തനിച്ചാക്കി അവള്‍ പോയി  മോനേ തീരെ ക്ഷീണിച്ച ..... പുറത്തേക്ക്  വരാത്ത ആ ശബ്ദം ....
    സ്നേഹിക്കപ്പെടാന്‍ വിധിയില്ലാത്ത എന്നാല്‍ ആത്മാര്‍ത്ഥ സ്നേഹത്തിന്റെ പ്രതിരൂപമായ ആ മനുഷ്യനെ ഞാന്‍ കുരുന്നിലേ കാണുന്നതാണ്  ..ഒരു വലിയ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റിയത്  കൊണ്ടോ വിശ്രമമില്ലാത്ത ജോലിഭാരംകൊണ്ടോ  കാണുന്നത് മുതല്‍ മുന്നോട്ട്  വളഞ്ഞു പുറകില്‍ കൈ കെട്ടി നടക്കുന്ന മനുഷ്യന്‍ ..ഒരു തനി നാട്ടിന്‍പുറത്തുകാരന്‍...ആ നാടിന്റെ ഒരു കാലഘട്ടത്തിലെ  സല്‍ക്കാര വേളകളീലെ  രുചി  ആ മനുഷ്യന്‍റെ കൈപ്പുണ്യമായിരുന്നു ..ഇത്  പോലൊരു ഭര്‍ത്താവും ഒരു ഭാര്യയേയും സ്നേഹിച്ചിട്ടുണ്ടാകില്ല  എന്ന അമ്മയുടെ വാക്കുകള്‍ പലയാവര്‍ത്തി  ഞാന്‍  മനസ്സില്‍  മുന്നേ പറഞ്ഞിരുന്നതാണ് ..
പറഞ്ഞു  കേട്ട,പാടി പുകഴ്ത്തിയ  പ്രണയ  കഥകളിലെ  നായകന്‍മാരേക്കാള്‍  എത്രയോ ഉന്നതങ്ങളില്‍  നില്‍ക്കുന്ന മനുഷ്യന്‍ ..കൌമാരവും ,യൌവനവും  കടന്ന്  ജീവിതത്തിന്‍റെ  സായാഹ്നത്തില്‍  തളര്‍ന്ന്  കിടക്കുന്ന  പ്രിയതമക്ക്  കണ്ണിമവെട്ടാതെ കൂട്ടിരുന്ന മനുഷ്യന്‍   ....അവരുടെ ആവിശ്യങ്ങളെ  ഒരു നോട്ടത്തിലൂടെ വരണ്ടുണങ്ങിയ അധരചലനങ്ങളിലൂടെ   തൊട്ടറിഞ്ഞിരുന്ന  സ്നേഹ നിധിയായ ഭര്‍ത്താവ്  .പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്ന മക്കള്‍ ഓരോരുത്തരായി  അത് തകര്‍ത്തെറിഞ്ഞപ്പോളും,തനിക്ക്  മുന്നേ മകന്‍ മറ്റൊരു ലോകത്തേക്ക്  പറന്നകന്നപ്പോളും ആ മനമിടറിയിരുന്നില്ല ...ദുരന്തങ്ങളോരാന്നായ്  പെയ്തിറങ്ങിയ ആ ജീവിതത്തില്‍  അവസാനത്തേതായിരുന്നു അവരുടെ  വീഴ്ച ..അതിന്  ശേഷം അയാളെ ആരും  പുറത്തേക്ക്  കണ്ടിട്ടില്ല  സന്ധ്യ മയങ്ങുമ്പോള്‍ പാതയോരം ചേര്‍ന്ന്  വീടണയുന്ന   പതിവ് അദ്ദേഹം എന്നേക്കുമായി  ഉപേക്ഷിച്ചു ...മരുന്നിന്‍റേയും കുഴംപിന്‍റേയും ഗന്ധം തങ്ങി നില്‍ക്കുന്ന മുറിയില്‍  അവരുടെ കട്ടിലിനരികില്‍  പ്രിയതമയുടെ തലമുടിയില്‍ തലോടികൊണ്ട്  ചിലപ്പോളൊക്കെ തളര്‍ന്ന ആ കൈകളില്‍  ചൂടു  പകര്‍ന്നു കൊണ്ട്  അദ്ദേഹമുണ്ടാകും  ..അവര്‍ ഉണരും മുന്നേ വീട്ടു ജോലികള്‍ കഴിഞ്ഞു കട്ടിലിനിരികിലെ  അഴിഞ്ഞു തുടങ്ങിയ ആ നെയ്ത്ത്  കസേരയില്‍  5 വര്‍ഷങ്ങള്‍  ഒരു ദിനം  പോലും തെറ്റിക്കാതെ...
 മുറ്റത്തെ ചെറിയ പന്തലിനുമപ്പുറത്ത് ആ ഒരു പിടി ചാരത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍ പക്ഷേ ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നില്ല...അസ്ഥികള്‍ പെറുക്കിയ മണ്‍കൂടവും വെണ്ണീറും കടലമ്മക്ക് നല്കാന്‍ പോകുന്ന സഘത്തോട് ചേരുന്നില്ലേ യെന്നാരാഞ്ഞപ്പോള്‍ രണ്ട് തുള്ളി കണ്ണീരായിരുന്നു മറുപടി .... മുറ്റത്ത് അടിയന്തരം കൂടാനെത്തിയവരുടെ സദ്യയോരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.....ആള്‍ക്കൂട്ടത്തിലെങ്ങും അയാളെ കണ്ടില്ല .. ബന്ധുക്കള്‍ മദ്യം നുരയുന്ന ഗ്ലാസുകളൂമായി ആളൊഴിഞ്ഞ പന്തലില്‍ പുലവീടല്‍ ആഘോഷിക്കുമ്പോള്‍ ഞാന്‍ കണ്ടു ആ മുറിയിലെ അതേ നെയ്ത്തഴിഞ്ഞു തുടങ്ങിയ കസേരയില്‍ ഇടക്ക് ആരുടേയോ കരംഗ്രഹിക്കാനെന്ന പോലെ കൈകള്‍ നീട്ടി , ആളൊഴിഞ്ഞ കിടക്കയിലെ തലയിണകളില്‍ തഴുകി,ജനല്‍പാളികള്‍ക്കിടയിലൂടെ അവരെ അടക്കിയ മണ്ണിനുമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന പുല്‍നാമ്പുകളെ നോക്കി എന്തോ പിറുപിറുത്തുകൊണ്ട്   ആ മനുഷ്യന്‍..... കാലുകള്‍ യാന്ത്രികമായി എന്നെ ആ മുറിയിലേക്ക് നയിച്ചു ....ആ ചുമലില്‍ കൈവെക്കുമ്പോഴേക്കും കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടികരഞ്ഞുകൊണ്ട് ആ മനുഷ്യന്‍ എന്‍റെ ചുമലിലേക്ക് ചാഞ്ഞിരുന്നു....ചുമരിനോട് ചേര്‍ന്ന് നിന്ന്‍ ആ ചുമലുകളില്‍ തഴുകി വൃഥാ ആശ്വാസവാക്കുകള്‍ പരയാനേ  എനിക്കും കഴിഞ്ഞുള്ളൂ ......അവധി കഴിഞ്ഞു മണലാരണ്യത്തിലേക്കുള്ള മടക്കയാത്രക്കിടെ ഞാന്‍ കണ്ടു പാതയോരം ചേര്‍ന്ന് മുന്നോട്ടല്‍പ്പം കുനിഞ്ഞു കൈകള്‍ പുറകിലോട്ട് കെട്ടി അയാള്‍...... കൈകള്‍ കവര്‍ന്നു യാത്ര പറയുമ്പോള്‍ പ്രിയതമക്ക് യാത്രമൊഴിയേകിയിട്ടും അടര്‍ന്നുവീടാതിരുന്ന രണ്ട് കണ്ണീര്‍ ത്തുള്ളികള്‍ ഞാനറിയാതെ ആ കൈകളിലേക്ക് അടര്‍ന്നു വീണു .....കണ്ണടച്ചു കാറിന്റെ സീറ്റിലേക്ക് ചായുമ്പോള്‍ ചെറുചിരിയോടെ കൈകൊണ്ട് യാത്രയേകുന്ന ആ മനുഷന്റെ മുഖമായിരുന്നു മനസ്സില്‍...


ലേബലുകള്‍:

0 അഭിപ്രായ(ങ്ങള്‍):

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds